ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി മുതൽ യു പി ഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. എൻ പി സി ഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡും ഖത്തർ നാഷണൽ ബാങ്കും ചേർന്നാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇത് വഴി ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിൽ ക്യു ആർ കോഡ് വഴി പണമിടപാടുകൾ നടത്താൻ സാധിക്കും.
ഖത്തറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ആണ് ഇന്ത്യ ഉള്ളത്. സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി യു പി ഐ സിസ്റ്റം കൊണ്ട് വന്നത്. ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി മുതൽ നോട്ടുകൾ കൊണ്ട് നടക്കേണ്ടി വരില്ലെന്നും അധികൃതർ വ്യക്തമാക്കി. അധികം വൈകാതെ ഖത്തറിലെ മറ്റു വ്യപാരസ്ഥാപനങ്ങളിലും യു പി ഐ സൗകര്യം കൊണ്ട് വരുമെന്നാണ് സൂചനകൾ.
ഖത്തറിൽ യു പി ഐ സിസ്റ്റം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്യു എൻ ബി ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫിസർ യൂസഫ് മഹ്മൂദ് അൽ നീമ പറഞ്ഞു. ഈ നീക്കത്തിലൂടെ ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തന്നെ പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെന്നും അത് ഖത്തറിന്റെ വിപണിക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ യു പി ഐയുടെ സ്വീകാര്യത വർധിപ്പിക്കാനും പരസ്പരം പ്രവർത്തിക്കുന്ന ഒരു ആഗോള പേയ്മെന്റ് ശൃംഖല സൃഷ്ടിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ പി സി ഐ ഇന്റർനാഷനൽ സി ഇ ഒ റിതേഷ് ശുക്ല വ്യക്തമാക്കി. യു എ ഇയിൽ മാസങ്ങൾക്ക് മുൻപേ യു പി ഐ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താനാകുന്ന സംവിധാനം കൊണ്ട് വന്നിരുന്നു.





