തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുമോയെന്ന് വ്യക്തമല്ല.
പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും, സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പീഡിപ്പിച്ചു എന്ന ആരോപണം നിഷേധിക്കുന്നു. ബലാത്സംഗം ചെയ്യുകയോ, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നത്. തന്നെ കുടുക്കാനായി യുവതി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്.
രാഹുലും പരാതിക്കാരിയും തമ്മില്‍ നല്ല ബന്ധത്തില്‍ ഇരിക്കെയുള്ള സംഭാഷണങ്ങള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ തുടങ്ങിയവ യുവതി റെക്കോര്‍ഡ് ചെയ്തു പുറത്തു വിടുകയായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. വിവാഹിതയാണെന്ന് അറിഞ്ഞാണ് യുവതിയുമായി സൗഹൃദത്തിലാകുന്നതും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്. യുവതിയുടെ വൈവാഹിക ജീവിതത്തിലെ പീഡനങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ സഹതാപം തോന്നുകയും, പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തുവെന്നാണ് ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നത്.
അതേസമയം, രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. യുവതി നല്‍കിയ മെഡിക്കല്‍ രേഖകളുടെയും ഓഡിയോ റെക്കോര്‍ഡുകളുടെയും ആധികാരികത പരിശോധിക്കുകയാണ്. പീഡനം നടന്നതായി പറയുന്ന ഫ്‌ലാറ്റുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും. ഗർഭച്ഛിദ്ര ഗുളിക കഴിച്ച ശേഷം ഉണ്ടായ അവശതകൾ പരിഹരിക്കാനായി കണ്ട ഡോക്ടറുടെ അടക്കം മൊഴി രേഖപ്പെടുത്തും. ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രം കഴിക്കേണ്ട, ഗുരുതര പാര്‍ശ്വഫലങ്ങളുള്ള ഗുളികകളാണ്. സുഹൃത്ത് വഴി രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്ക് കൈമാറിയതെന്നാണ് റിപ്പോർട്ട്. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയ സുഹൃത്ത് ജോബി ജോസഫിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.





