തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച് കേരള നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമങ്ങളും എസ്‌ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണവും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് മന്ത്രി കെ. രാജൻ ബിൽ അവതരിപ്പിച്ചത്. “നേറ്റിവിറ്റി കാർഡ് ഒരു ചരിത്ര നിയമമാണ്. കേരളീയനെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാൻ ഇത് വഴിയൊരുക്കും,” എന്നാണ് മന്ത്രിയുടെ പ്രതികരണം. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്തു.
മന്ത്രിസഭയുടെ അംഗീകാരം നേടിയ ബിൽ പ്രകാരം, നിലവിൽ സർക്കാർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ തന്നെ ഔദ്യോഗിക നേറ്റിവിറ്റി കാർഡ് അനുവദിക്കും. സംസ്ഥാന സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയായിരിക്കും കാർഡ്.
നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.
കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാറായിരിക്കും. നേറ്റിവിറ്റി കാർഡുകളുമായി ബന്ധപ്പെട്ട രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കും. ആവശ്യക്കാർ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം. സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന അധിക വിവരങ്ങളും കാർഡിൽ ഉൾപ്പെടുത്താം.
റവന്യൂ ഡിവിഷണൽ ഓഫീസറുടെ തീരുമാനങ്ങൾ ജില്ലാ കളക്ടർക്ക് പുനപരിശോധിക്കാനും തിരുത്താനും അധികാരമുണ്ടാകും. എന്നാൽ അപേക്ഷകനു പറയാനുള്ള അവസരം നൽകാതെയൊരുതീരുമാനവും എടുക്കാൻ പാടില്ലെന്ന് ബിൽ വ്യക്തമാക്കുന്നു.





