Kerala News

മരോട്ടിച്ചാൽ റിജു വധം കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 3.10 ലക്ഷം രൂപ പിഴയും

തൃശ്ശൂർ: സ്വകാര്യ ബസിന്റെ സർവീസ് സമയത്തെ ചൊല്ലിയുണ്ടായ തർക്കം ക്രൂരമായ ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും മൊത്തം 3,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ & സെഷൻസ് ജഡ്ജി കെ. കമനീസ് ആണ് വിധി പ്രസ്താവിച്ചത്.

കേസിലെ രണ്ടാം പ്രതിയായ മാന്ദാമംഗലം സ്വദേശി വെട്ടിക്കുഴിച്ചാലിൽ ഔസേപ്പ് മകൻ ഷെറി (കുഞ്ഞുമോൻ–36), ആറാം പ്രതിയായ മരോട്ടിച്ചാൽ സ്വദേശി ഇഞ്ചിപറമ്പിൽ ചന്ദ്രൻ മകൻ പ്രകാശൻ (38), ഏഴാം പ്രതിയായ മരോട്ടിച്ചാൽ സ്വദേശി കല്ലിങ്ങൽ വാസു മകൻ അനൂപ് (39) എന്നിവരെയാണ് ഇന്ത്യൻ ശിക്ഷാനിയമം 302, 307, 323, 324 വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.

302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും,
307-ാം വകുപ്പ് പ്രകാരം 7 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും,
323-ാം വകുപ്പ് പ്രകാരം 4 മാസം കഠിനതടവും, 324-ാം വകുപ്പ് പ്രകാരം 2 വർഷം കഠിനതടവും 10,000 രൂപ പിഴയും ആണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും. പിഴ അടച്ചാൽ തുക കൊല്ലപ്പെട്ട റിജുവിന്റെ അവകാശികൾക്കും പരിക്കേറ്റ ബിജുവിനും നൽകുമെന്ന് കോടതി വ്യക്തമാക്കി.

2010 ജൂലൈ 4-ന് വൈകിട്ട് 7.45-ന് തൃശ്ശൂർ മരോട്ടിച്ചാൽ രാഗം ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം. കല്ലൂർ–മരോട്ടിച്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട റിജുവിന്റെ സഹോദരൻ ബിജുവിന്റെ ബസ് തല്ലിത്തകർത്തതിനെ തുടർന്ന് പോലീസ് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഒന്നാം പ്രതിയായ കീടായി ബൈജുവിന്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായി സംഘം ചേർന്ന് ആക്രമണം നടത്തിയതെന്നും അത് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഒല്ലൂർ പോലീസ് എസ്.ഐ എൻ. എസ്. സലീഷ് കേസെടുത്തു. തുടർന്ന് ഒല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം. കെ. കൃഷ്ണൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിചാരണ തുടങ്ങും മുൻപ് ഒന്നാം പ്രതി കീടായി ബൈജുവും, വിചാരണക്കിടെ നാലാം പ്രതിയും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അഞ്ചാം പ്രതിയെ കേസിൽ നിന്ന് മാറ്റി നിർത്തി. ഇതോടെയാണ് 2, 6, 7 പ്രതികൾക്കെതിരെ കോടതി ശിക്ഷ വിധിച്ചത്.

കേസിൽ 27 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും 18 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ. പി. അജയ് കുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *