Kerala News

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ട് നിരോധനം വായ്മൂടിക്കെട്ടി ഫാസിസം

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എന്‍ മാധവന്‍ കുട്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുവാന്‍ കേരളാ പോലീസ് ആവശ്യപ്പെട്ടതിന്‍റെ പേരില്‍ മെറ്റ നിരോധിച്ചത് വായ് മൂടിക്കെട്ടുന്ന ഭരണകൂട ഫാസിസത്തിന്‍റെ മൂര്‍ദ്ധന്യ ഭാവമാണെന്ന് കൊച്ചിയില്‍ അടിയന്തരമായി ചേര്‍ന്ന ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

പ്രമുഖ ഫാസിസ്റ്റ് വിരുദ്ധ പോരാളിയും സി. പി. എം. സഹയാത്രികനുമായിരുന്ന എന്‍. മാധവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേരള പോലീസിന്‍റെ ആവശ്യപ്രകാരമാണ് നീക്കം ചെയ്തത് എന്നത് കേരള സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് മനോഭാവത്തെ തുറന്നുകാണിക്കുകയാണ്. 75വയസ്സുള്ള, കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ഒരു വ്യക്തിയുടെ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കേരളാപോലീസ് ആവശ്യപ്പെട്ടത് അദ്ദേഹത്തിന്‍റെ ഏത് പോസ്റ്റാണ് നാടിന്‍റെ സാമൂഹ്യസുരക്ഷിതത്തിനും, സാമൂഹ്യ ജീവിതത്തിനും യോജിക്കാത്തതെന്ന് വ്യക്തമാക്കാന്‍ പോലീസും സര്‍ക്കാരും തയ്യാറാകണമെന്നും ഐ എച്ച് ആര്‍ എം ആവശ്യപ്പെട്ടു.

ആരെ പ്രീതിപ്പെടുത്താനാണ് കേരള പോലീസ് ഈ നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കാന്‍ കേരള പോലീസിനും, കേരളത്തിലെ ആഭ്യന്തര വകുപ്പിനും ബാധ്യതയുണ്ട്. മനുഷ്യന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടഞ്ഞു, കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളെ,സമരങ്ങളെയൊക്കെ തകര്‍ത്തുകളായമെന്നു കേരളാപോലീസും ആഭ്യന്തരവകുപ്പും, സംഘപരിവാറും കരുതുവെന്നുവെങ്കില്‍ അതൊക്കെ വൃഥാ മോഹങ്ങളാണെന്നത് ബന്ധപ്പെട്ടവര്‍ മനസ്സിലാകകുന്നത് നല്ലതാണ്. നിങ്ങളുടെ വര്‍ഗ്ഗീയതയില്‍ ഒളിപ്പിച്ച കപട മതേതര മുഖമാണ് ഈ നടപടിയിലൂടെ പുറത്തുവരുന്നത്. ഇത്തരക്കാര്‍ക്ക് ചരിത്രം നല്‍കിയ പാഠങ്ങള്‍ ദുരന്തസമാനമായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു

പ്രസിഡന്‍റ് ഫെലിക്സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രഫ. കെ പി ശങ്കരന്‍, പി എ ഷാനവാസ്, പ്രഫ. എല്‍സമമ ജോസഫ് അറക്കല്‍, കെ ഡി മാര്‍ട്ടിന്‍. ഡോ. ബാബു ജോസഫ്, സിബി മാഞ്ഞൂര്‍, കബീര്‍ ഷാ, അഡ്വ. അബ്ദുള്‍ ജലീല്‍, ഡോ. ബാബു ജോസഫ്, അഡ്വ. വി എം മൈക്കിള്‍, കബീര്‍ ഹുസൈന്‍, ജോര്‍ജ്ജ് കാട്ടുനിലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *