ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. ഡല്‍ഹിയില്‍ 2.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 8:44 ഓടെയാണ് ഭൂചലനമുണ്ടായതെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹിയിലായിരുന്നുവെന്നും 5 കിലോമീറ്റര്‍ ആഴത്തിലാണുണ്ടാതയതെന്നും അധികൃതര്‍ അറിയിച്ചു.
ഭൂകമ്പ സാധ്യത ഏറിയ രണ്ടാമത്തെ ഉയര്‍ന്ന വിഭാഗമായ സോണ്‍ IV ലാണ് ഡല്‍ഹിയുള്ളത്. സമീപ വര്‍ഷങ്ങളില്‍, ഡല്‍ഹി-എന്‍സിആറില്‍ നിരവധി തവണ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ല്‍, ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങാെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ ഡാറ്റ പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ 5 തീവ്രതയില്‍ കൂടുതല്‍ ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസം 13 ന് ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയ്ക്ക് സമീപം 3.5 തീവ്രതയുള്ള നേരിയ ഭൂകമ്പം ഉണ്ടായിരുന്നു.ഭൂകമ്പത്തെ തുടര്‍ന്ന് ജനങ്ങള്‍ പഭിഭ്രാന്തിയിലായിരുന്നു. പലരും വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു.





