കൽപ്പറ്റ: രാഹുൽ ഗാന്ധി ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് എൻഡിഎ വയനാട് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യയിൽ മാത്രം പോകാത്തതെന്നാണ്. രാഹുൽ ഗാന്ധിയുടെ മതേതരത്വം വൺ സൈഡഡ് അല്ലെങ്കിൽ അദ്ദേഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും പോകുമെന്നും കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഭയന്നാണ് രാഹുൽ അയോദ്ധ്യയിൽ പോകാത്തത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏപ്രിൽ 26 ന് ശേഷം അദ്ദേഹം അയോധ്യയിൽ പോകുമായിരിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പരിഹസിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് സന്തോഷമാണ്. ഡി. രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്നത്തെ പത്രത്തിലുള്ളത്. ഡൽഹിയിൽ കെട്ടിപ്പിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നത്. വിചിത്രമായ മത്സരമാണ് വയനാട്ടിൽ നടക്കുന്നത്. പരിഹാസ്യമാണ് ഈ നിലപാട്. ഇന്ത്യ സഖ്യത്തെ ഇത്തരം നിലപാടുകൾ അപ്രസക്തമാക്കും. ജനങ്ങൾ ഇത് മനസ്സിലാക്കുന്നുണ്ട്. രാഹുൽ ഗാന്ധിയോട് ചില ചോദ്യങ്ങളുണ്ട്.
താങ്കൾക്ക് എന്തുകൊണ്ടാണ് ദില്ലിയിൽ ഒരു നയവും കേരളത്തിൽ മറ്റൊരു നയവുമുള്ളത്?
എന്തുകൊണ്ടാണ് ഒരു പട്ടികവർഗ്ഗക്കാരി രാഷ്ട്രപതിയാകുന്നതിനെ രാഹുൽ ഗാന്ധി എതിർത്തത്?
ദ്രൗപതി മുർമുവിനെ ഇപ്പോഴും താങ്കളുടെ പാർട്ടിക്കാർ പരിഹസിക്കുന്നതെന്താണ്?
പട്ടികവർഗ്ഗക്കാർ 20% വരുന്ന മണ്ഡലത്തിൽ വിജയിച്ച രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് രാഷ്ട്രപതിക്കെതിരെ നിലപാട് സ്വീകരിക്കുന്നത്?
അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും എതിരായ ഇഡി അന്വേഷണത്തിൽ പ്രതിഷേധിച്ച് ഇവിടെ റാലി നടത്താൻ രാഹുൽഗാന്ധി തയ്യാറാകുമോ? കെജരിവാളിന് വേണ്ടി പ്രതിഷേധിച്ചത് പോലെ പിണറായി വിജയനും, വീണക്കും എതിരായി ഇഡി വന്നാൽ കോൺഗ്രസ് പ്രതികരിക്കുമൊ?
കരുവന്നൂരിൽ മാത്രമല്ല സിപിഎമ്മിന് എല്ലാ ജില്ലകളിലും രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. നോട്ട് നിരോധന സമയത്ത് സമാഹരിച്ച പണമെല്ലാം അവർ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചത്. നോട്ട് നിരോധന സമയത്ത് മുഖ്യമന്ത്രി സമരം ചെയ്തത് ഈ കള്ളപ്പണം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. സഹകരണബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം വീണ്ടെടുത്ത് പണം നഷ്ടമായവർക്ക് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോൺഗ്രസ് – സിപിഎം തീവെട്ടിക്കൊള്ളയ്ക്ക് ഇരയായവർക്കൊപ്പമാണ് കേന്ദ്ര സർക്കാരും ബിജെപിയും. വയനാട് ജില്ലയിൽ പുൽപ്പള്ളി സഹകരണ ബാങ്കിലും അഴിമതി നടന്നു. കോൺഗ്രസാണ് ഇതിന് പിന്നിൽ. സിപിഎമ്മും കോൺഗ്രസും നടത്തിയ സഹകരണകൊള്ളയെല്ലാം പുറത്തുകൊണ്ടുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ലോക്സഭാ കൺവീനർ പ്രശാന്ത് മലവയൽ, ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യർ എന്നിവർ സംബന്ധിച്ചു.