വാഷിംഗ്ടൺ: മോശം കാലാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ‘ക്രൂ-12’ ദൗത്യത്തിന്റെ വിക്ഷേപണം നാസ വീണ്ടും മാറ്റിവെച്ചു. ഫെബ്രുവരി 12 വ്യാഴാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇപ്പോൾ ഫെബ്രുവരി 13 വെള്ളിയാഴ്ചയ്ക്ക് മാറ്റിയിരിക്കുകയാണ്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ദൗത്യം പറന്നുയരുന്നത്. ഫ്ലോറിഡയിലെ വിക്ഷേപണ കേന്ദ്രത്തിൽ കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും, വിക്ഷേപണ പാതയിലുടനീളം വീശുന്ന അതിശക്തമായ കാറ്റാണ് ആശങ്കയ്ക്ക് കാരണം. അടിയന്തര സാഹചര്യത്തിൽ പേടകം കടലിൽ ഇറക്കേണ്ടിവന്നാൽ രക്ഷാപ്രവർത്തനം തടസപ്പെടാമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
അമേരിക്കൻ സഞ്ചാരികളായ ജെസീക്ക മെയർ, ജാക്ക് ഹാത്ത്വേ, ഫ്രഞ്ച് സഞ്ചാരി സോഫി അഡെനോട്ട്, റഷ്യൻ കോസ്മോനട്ട് ആന്ദ്രേ ഫെദ്യായേവ് എന്നിവരാണ് സംഘത്തിൽ. വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 5:15-നാണ് വിക്ഷേപണം ലക്ഷ്യമിടുന്നത് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം). വിക്ഷേപണം വിജയകരമായാൽ ശനിയാഴ്ചയോടെ സംഘം ഐഎസ്എസിൽ എത്തും. ആരോഗ്യ കാരണങ്ങളാൽ ജനുവരിയിൽ മടങ്ങിയ ‘ക്രൂ-11’ന് പകരക്കാരായാണ് ഇവർ നിലയത്തിലേക്ക് പോകുന്നത്. 2030-ൽ പ്രവർത്തനം അവസാനിപ്പിക്കാനിരിക്കുന്ന ഐഎസ്എസിലേക്കുള്ള സുപ്രധാന ദൗത്യങ്ങളിൽ ഒന്നായതിനാൽ, വിക്ഷേപണത്തിന് മുമ്പ് സഞ്ചാരികൾ കെന്നഡി സ്പേസ് സെന്ററിൽ ക്വാറന്റൈനിൽ തുടരുകയാണ്.





