Kerala News

വികസനപരമായ തൊഴിൽ സംസ്‌കാരത്തിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി ശിവൻകുട്ടി

വികസനപരമായ തൊഴിൽ സംസ്‌കാരം നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് തൊഴിൽ-നൈപുണ്യ വകുപ്പ് മന്ത്രിവി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം (2024) വിതരണം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, മിനിമം വേതനം വ്യാപകമായി നടപ്പിലാക്കിയതും തൊഴിലിടങ്ങളിലെ ‘ഇരിപ്പിടവകാശം’ പോലുള്ള ചരിത്രപരമായ തീരുമാനങ്ങളും സംസ്ഥാനത്തിന്റെ അഭിമാന നേട്ടങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിലും തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും കേരളം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലാളികളുടെ ഉൽപാദനക്ഷമതയും തൊഴിൽപരമായ മികവും പ്രോത്സാഹിപ്പിക്കാൻ 2019 മുതൽ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം സർക്കാരിന്റെ കരുതലിന്റെ തെളിവാണെന്നും, ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡിനോടനുബന്ധിച്ച് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സെക്യൂരിറ്റി ഗാർഡ് മുതൽ ഐടി മേഖല, നഴ്‌സ്, നിർമ്മാണ-ചുമട്ടുതൊഴിലാളി തുടങ്ങി ഇരുപതോളം മേഖലകളിൽ നിന്നുള്ള മികച്ച തൊഴിലാളികളെ സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്തുവെന്നും അദ്ദേഹം വിശദീകരിച്ചു. ‘വിഷൻ 2031’ന്റെ ഭാഗമായി തൊഴിൽ മേഖലയെ ആധുനികവൽക്കരിക്കാനും, പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച് പരമ്പരാഗത മേഖലയെ നവീകരിക്കാനും സർക്കാർ പദ്ധതികൾ നടപ്പിലാക്കുകയാണെന്നും, തൊഴിലിടങ്ങളെ ലഹരിമുക്തമാക്കുന്നതിനുള്ള കർമ്മപദ്ധതികളും മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സമത്വവും നീതിയും കരുതലുമാണ് സർക്കാരിന്റെ തൊഴിൽ നയത്തിന്റെ അടിസ്ഥാനമെന്നും, പുരസ്‌കാര ജേതാക്കളുടെ കഠിനാധ്വാനം എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *