ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് എസ്എൻഡിപി വ്യതിചലിച്ചതായി വിമർശനം; ഈഴവർക്കും വിശ്വകർമ്മ വിഭാഗങ്ങൾക്കും രാഷ്ട്രീയ പ്രാതിനിധ്യം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടി ശിവഗിരി മഠം സ്വാഗതം ചെയ്തു. ഈ വിധി ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസ പ്രഖ്യാപനമാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
അടുത്തകാലത്ത് ശ്രീനാരായണ ഗുരു നേടിയെടുത്ത പല മൂല്യങ്ങളിൽ നിന്നുമാണ് എസ്എൻഡിപി യോഗം പിന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗുരുവിന്റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിർദേശം വരെ ഉയർന്നത് ദുരവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുണ്ടായ മാറ്റം നല്ലതാണെന്നും സംഘടനയിൽ നല്ല ഭരണക്രമം ഉറപ്പാക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലമായി എസ്എൻഡിപി യോഗം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ച നിലപാടുകളാണ് സ്വീകരിച്ചുവരുന്നതെന്നും, മറ്റു സമുദായങ്ങൾക്കിടയിൽ സംഘടനയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും ചില ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതിനാൽ കോടതിയുടെ തീരുമാനം അനിവാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം യുഡിഎഫിന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു. പിന്നാക്ക വിഭാഗങ്ങളായ ഈഴവർക്കും വിശ്വകർമ്മ വിഭാഗങ്ങൾക്കും വേണ്ടത്ര രാഷ്ട്രീയ പ്രാതിനിധ്യം നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പരിഗണിക്കുമ്പോൾ പോലും ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിലാണ് ഇവരെ മത്സരിപ്പിക്കുന്നതെന്നും ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഈ വിഭാഗങ്ങൾക്ക് അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തിൽ സന്ദർശനം നടത്തിയപ്പോൾ രാഹുൽ ഗാന്ധിക്ക് കത്തും നൽകിയതായി സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
കമ്പനി ആക്ട് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. എസ്എൻഡിപി യോഗം പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ നിലവിലെ എല്ലാ ഭാരവാഹികളെയും കോടതി സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. സംഘടനയ്ക്ക് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.





