ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന് നടക്കും. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി,തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ13 ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ സംയുക്ത യോഗം ചേരും. ഇതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു. ഉത്‌സവ ഒരുക്കങ്ങൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. കേരള, തമിഴ്‌നാട് സർക്കാറുകൾ സംയുക്തമായാണ് ഉത്സവം നടത്തുക.
പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിയിൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് സന്ദർശന അനുമതി. പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാകും ഇത്തവണയും ഉത്സവം നടത്തുക. എ ഡി എം ജ്യോതി. ബി, പീരുമേട് തഹസിൽദാർ സണ്ണി ജോർജ്, കുമളി വില്ലേജ് ഓഫീസർ, വനം – റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.
ചിത്രം : ഏപ്രിൽ 23 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തോട് അനുബന്ധിച്ച് ഒരുക്കങ്ങൾ വിലയിരുത്താൻ കുമളി മംഗളാദേവി ക്ഷേത്രത്തിൽ എത്തിയ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായർ, എ ഡി എം ജ്യോതി എന്നിവരടങ്ങുന്ന സംഘം.