വില്പന നടത്തുന്നതിനായി 3 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ചാലക്കുടി കുന്നപ്പിള്ളി ദേവരാജഗിരി ടെംപിളിനു സമീപത്തുള്ള ചക്കാലയ്ക്കല്‍ ഷാജി എന്ന ബോംബെ ഷാജിക്ക് 4 വര്‍ഷം കഠിനതടവും, 40,000 രൂപ പിഴയും തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി ടി.പി അനില്‍ ശിക്ഷ വിധിച്ചു.
2013 ജൂലൈ 14 ന് വൈകീട്ട് 5 മണിക്ക് തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് നാഷണല്‍ ഹൈവേയിലെ ബസ് സ്റ്റോപ്പില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഗ് ഷോപ്പര്‍ ബാഗില്‍ വില്പനക്കു വേണ്ടി കഞ്ചാവുമായി പ്രതി വരുന്നുണ്ടെന്ന് ഷാഡോ പോലീസിന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ പീച്ചി പോലീസ് പ്രതിയെ ബസ് സ്റ്റോപ്പില്‍ വെച്ച് പിടികൂടുകയായിരുന്നു. ഷാഡോ പോലീസ് സബ് ഇന്‍സ്പെക്ടറായ എം.പി. ഡേവിസ്, പീച്ചി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എം.ജി. പൊന്നപ്പന്‍, പോലീസ് ഉദ്യോഗസ്ഥനായ ബാബു എം.സി, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് അന്വേഷണോദ്യഗസ്ഥനായ ഒല‍്ലൂര്‍ സി.ഐ എന്‍. കെ. സുരേന്ദ്രനാണ്. കേസില്‍ പ്രോസിക്യുഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത് എ.എസ്.ഐ. എന്‍. എസ്. ആസാദാണ്.
പ്രതിയായ ഷാജി നേരത്തെയും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശിക്ഷ അനുഭവിച്ച വ്യക്തിയാണെന്നും, യുവതലമുറയെ വഴിതെറ്റിക്കുന്ന മാരകമയക്കുമരുന്ന് വില്പന നടത്തുന്ന പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷൻ്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കേസുകളുടെ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ എം.കെ. ഗിരീഷ് മോഹനാണ് വാദിച്ചത്.





