വാളാട്: കേരളത്തിലെ ബൂത്ത് തല കാര്യകർത്താക്കളുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളും സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രധാനമന്ത്രി പ്രവർത്തകരുമായി സംസാരിച്ചു. പ്രധാനമന്ത്രിയുമായി ബൂത്ത് തലത്തിലെ കാര്യങ്ങൾ നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് മാനന്തവാടി വാളാട് കുനിയമ്മൽ സ്വദേശിയായ വിനീതയ്ക്ക്. തവിഞ്ഞാൽ പഞ്ചായത്തിലെ 22ആം വാർഡ് ബൂത്ത് പ്രസിഡണ്ട് കൂടിയാണ് വിനീത. ബൂത്ത് തലത്തിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി കൃഷിപ്പണിയും തൊഴിലുറപ്പു ജോലിയും ചെയ്യുന്നതിനിടയ്ക്ക് പാർട്ടിക്കുവേണ്ടി സമയം കണ്ടെത്തുന്നതിൽ വിനീതയെ അഭിനന്ദിച്ചു. ബൂത്ത് തലത്തിലുള്ള ഓരോ വീടുകളിലും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യങ്ങൾ പ്രധാനമന്ത്രി ഓർമിപ്പിച്ചു. നിങ്ങളുടെ ഓരോ ബൂത്തുകളിലും ഒന്നാം സ്ഥാനം നേടിയാൽ മാത്രമേ മണ്ഡലത്തിലും വിജയിക്കാൻ സാധിക്കുവെന്ന് പ്രധാനമന്ത്രി വിനീതയോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ അവസരം കിട്ടിയതിൽ ഏറെ സന്തോഷത്തിലാണ് കുനിമൽ സ്വദേശി വിനീത.





