മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ്ണ കള്ളക്കടത്തിനെതിരെ നടത്തിയ പരിശോധനയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജന്‍സ് (ഡിആര്‍ഐ) വിമാനത്താവളത്തില്‍ 24 സ്ത്രീകളില്‍ നിന്ന് 37.74 കോടി രൂപ വിലമതിക്കുന്ന 29.37 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായി വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചത്.
പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐയുടെ മുംബൈ സോണല്‍ യൂണിറ്റ് ബുധനാഴ്ച പരിശോധന ആരംഭിച്ചത്. ‘ഓപ്പറേഷന്‍ ധഹാബു ബ്ലിറ്റ്‌സ്’ എന്ന രഹസ്യ പേരിലായിരുന്നു പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചത്. ഈ വര്‍ഷം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടകളില്‍ ഒന്നാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെനിയയിലെ നെയ്റോബിയില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ സ്വര്‍ണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍, നെയ്റോബിയില്‍ നിന്ന് വന്ന 24 വിദേശ പൗരന്മാരെ പരിശോധനയ്ക്കായി തടഞ്ഞു വെക്കുകയായിരുന്നു.
ഇവരുടെ ബാഗുകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ച 25.1 കിലോഗ്രാം സ്വര്‍ണ്ണക്കട്ടികളും 4.27 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ഓപ്പറേഷൻ്റെ രഹസ്യനാമമായി ഉപയോഗിച്ചിരിക്കുന്ന ‘ധഹാബു’ എന്ന പദത്തിൻ്റെ അര്‍ത്ഥം സ്വാഹിലിയില്‍ സ്വര്‍ണ്ണം എന്നാണെന്ന്, ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഫ്രിക്കയിലെ ഒരു ഭാഷയാണ് സ്വാഹിലി.
കള്ളക്കടത്ത് റാക്കറ്റിന് പിന്നിലെ ശൃംഖല കണ്ടെത്തുന്നതിനും അതിന്റെ വിശാലമായ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും കൂടുതല്‍ അന്വേഷണം നടക്കുകയാണ്.





