കൊച്ചി: കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പകൽ രണ്ടുമുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. വടക്കൻ ജില്ലകളിൽനിന്ന് വരുന്നവർക്ക് ആലുവ മണപ്പുറം പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തി മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ വഴിയാണ് സ്റ്റേഡിയത്തിലെത്താനുള്ള നിർദേശം.
ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് തൃപ്പൂണിത്തുറ ടെർമിനലിലും വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലും കയറി ഇരുമ്പനം-സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനം പാർക്ക് ചെയ്യാം. ആലപ്പുഴയിൽനിന്ന് വരുന്നവർക്ക് കുണ്ടന്നൂർ, വൈറ്റില എന്നിവിടങ്ങളിലെ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
മെട്രോ സർവീസ് രാത്രി 11 വരെ
ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രിയിലും ദീർഘിപ്പിച്ചിരിക്കുന്നു. ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് അവസാന മെട്രോ ട്രെയിൻ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00ന് പുറപ്പെടും. ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളുമുണ്ട്