Kerala News

ശബരിമല തീർത്ഥാടകരുടെ സൗകര്യത്തിനായി കെഎസ്ആർടിസിയുടെ പുതിയ നടപടി: വെർച്ച്വൽ ക്യൂവിനൊപ്പം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ വെർച്ച്വൽ ക്യൂ സംവിധാനത്തോടൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ഭക്തർ ദർശനത്തിനായി ബുക്കിംഗ് ചെയ്യുമ്പോൾ ഓൺലൈൻ ടിക്കറ്റെടുക്കാൻ ലിങ്ക് നൽകുകയും ചെയ്യും. ഇതുവഴി 40 പേരിലധികം ഉള്ള സംഘം 10 ദിവസം മുമ്പ് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

സമീപത്തെ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ ഭക്തർ സഞ്ചരിക്കുന്ന സ്ഥലത്ത് എത്തിയാൽ അവരെ കയറ്റാനും സൗകര്യമുണ്ട്. നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തി വാഹനങ്ങളുടെ കൃത്യമായ കണക്കെടുപ്പിന് ഓട്ടോമേറ്റഡ് വെഹിക്കിള് കൗണ്ടിങ്, നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ സംവിധാനം എന്നിവ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

തീര്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ 383 ബസുകളും രണ്ടാംഘട്ടത്തിൽ 550 ബസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരക്കിന്റെ അടിസ്ഥാനത്തിൽ ബസുകളുടെ എണ്ണം കൂട്ടുകയും, അരമിനിറ്റിന് ഒരു ബസ് നിലയ്ക്കൽ-പമ്പ സർവീസ് നടത്തുകയും ചെയ്യും. ത്രിവേണി യു-ടേൺ, നിലയ്ക്കൽ സ്റ്റേഷനുകളിൽ തീർത്ഥാടകർക്ക് ബസിൽ കയറാൻ പാര്ക്കിങ് സ്ഥലത്ത് തന്നെ ബാരിക്കേഡ് സ്ഥാപിക്കും.

പമ്പയില്‍നിന്ന് ആവശ്യത്തിന് തീര്‍ഥാടകര്‍ കയറിയാല്‍ നിലയ്ക്കലില്‍ പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ 20 സ്‌ക്വാഡുകള്‍ 2.50 കിലോമീറ്റര്‍ ദൂരം ഉണ്ടാകും. അപകടം സംഭവിച്ചാല്‍ ഏഴ് മിനിറ്റിനകം സംഭവസ്ഥലത്തെത്തും. അപകടരഹിത യാത്രയ്ക്കായി ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ആറു ഭാഷകളില്‍ വീഡിയോ പ്രദര്‍ശിപ്പിക്കും. അപകടങ്ങൾ ഒഴിവാക്കാൻ അപകടമേഖലകളിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചിരിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *