സംസ്ഥാനത്ത് മാർച്ച് 1 മുതൽ എല്ലാ വാഹനങ്ങളുടെ ആർസി ബുക്കുകളും ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ആർസി ബുക്കുകൾ പ്രിന്റ് ചെയ്ത് നൽകുന്നതിനുപകരം, രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഉടൻ വാഹൻ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും.
ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആർസി ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണർ എച്ച്. നാഗരാജു നിർദേശിച്ചു. ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറുകൾ മാത്രമേ അംഗീകരിക്കൂ. ഇതിന് വാഹന ഉടമകൾ ഓൺലൈൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്മീഷണർ വ്യക്തമാക്കി.
ഇതുവരെ ലൈസൻസ് ഡിജിറ്റൽ രീതിയിലാക്കിയിരുന്നെങ്കിലും ആർസി ബുക്ക് പ്രിന്റ് ചെയ്ത് നൽകുന്ന സാഹചര്യം നിലനിന്നിരുന്നു. എന്നാൽ, കാലതാമസം ഒഴിവാക്കുന്നതിന് ആർസി ബുക്കും ഇപ്പോൾ ഡിജിറ്റലാക്കുകയാണ്. വാഹന കൈമാറ്റം കഴിഞ്ഞപ്പോഴും പഴയ ഉടമയുടെ ഫോൺ നമ്പർ ലിങ്ക് ചെയ്യപ്പെട്ട നിലയിൽ തുടരുന്നത് ഒരു പ്രധാന പ്രശ്നമായിരുന്നു. ഇതു പരിഹരിക്കുന്നതിനായി ഉടമകൾ ഫെബ്രുവരി മാസത്തിനുള്ളിൽ തന്നെ ഫോൺ നമ്പർ പുതുക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ നിർദ്ദേശം.





