എം. എ. സുധീർ ബാബു. പട്ടാമ്പി
ഇടയ്ക്കു ചെറിയ മഴ കിട്ടുന്നുണ്ടെങ്കിലും വേനൽ ചൂട് കൂടി വരികയാണ്. പല ജില്ലകളിലും പൊള്ളുന്ന താപനിലയാണ് ദിവസവും രേഖപ്പെടുത്തുന്നത്. കിണറിലും, തോടുകളിലും, പുഴകളിലും, എല്ലാം ജലനിരപ്പ് താഴ്ന്നു വരികയുമാണ്. എല്ലാ വിളകൾക്കും നന നിർബന്ധമാണ്. തെങ്ങിൻ്റെ കാര്യത്തിൽ നന വളരെ ആവശ്യമാണ്.
വേനലിൽ തെങ്ങുകളെ നോക്കാതെ വിട്ടാൽ എട്ടിൻ്റെ പണികിട്ടും. വേനലിൽ നനക്കാതെ വിട്ടാൽ തുടർന്നു വരുന്ന കൊല്ലങ്ങളിൽ നാളികേരം കുത്തനെ കുറയും.
തെങ്ങുകളിൽ പൂക്കുല പിടിത്തം കുറയും, മച്ചിങ്ങ പൊഴിയും. ഉണ്ടായ കുലകളിൽ, നാളികേരം പിടിച്ചു വരില്ല. അതിനാൽ ഇപ്പോൾ വേനൽ പരിചരണം ആവശ്യമാണ്. തൈകൾ നട്ട ഭാഗത്തു നന നിർബന്ധമാണ്. തൈ നട്ടു ആദ്യത്തെ രണ്ടു വർഷം, വേനലിൽ നാല് ദിവസത്തിൽ ഒരിക്കൽ തൈ ഒന്നിന് 45 ലിറ്റർ വെള്ളം കൊടുക്കണം. തൈകൾക്ക് ഉണക്കേൽക്കാതിരിക്കാൻ തണലും കൊടുക്കണം.
തെങ്ങിൻ തോട്ടങ്ങളിൽ മണൽ മണ്ണിൽ “മണ്ണ് പുത” അല്ലെങ്കിൽ “കൂന കൂട്ടൽ” ഉണ്ടാക്കുന്നത് നനവ് മണ്ണിൽ പിടിച്ചു നിർത്താൻ സഹായിക്കും. വരൾച്ച നിവാരണത്തിനായി തെങ്ങിൻ തടത്തിൽ ചകിരി തൊണ്ടു കുഴിച്ചിടാം.
പുതയിടീലും, പച്ചില വളച്ചെടികളും, ആവരണ വിള നടലും മഴ വെള്ളം ശരിയായിതോട്ടത്തിൽ തന്നെ താഴുന്നതിനുസഹായിക്കും. മണ്ണിൽ കുഴി ഉണ്ടാക്കിയും വെള്ളം മണ്ണിൽ താഴ്ത്താൻ പറ്റും. മഴ വെള്ളം അത് വീഴുന്ന സ്ഥലത്തു തന്നെ കൃത്യമായി താഴാൻ നടപടി വേണം.
വേനലിൽ, തെങ്ങിൻ്റെ ഏറ്റവും താഴത്തെ മൂന്ന് മുതൽ അഞ്ചു വരെ ഓലകൾ വെട്ടി മാറ്റുന്നതും, തെങ്ങിൻ തടിയിൽ രണ്ടു മൂന്ന് മീറ്റർ പൊക്കത്തിൽ, കുമ്മായം, തേയ്ക്കുന്നതും ചൂടിനെ കുറയ്ക്കും. തെങ്ങിൻ്റെ ആരോഗ്യം കാക്കാനും വേനൽ സമയത്തു തെങ്ങിൻ്റെ മണ്ട വൃത്തി ആക്കണം. ഇത് മഴ കാലത്തു തെങ്ങിൽ രോഗ കീട ശല്യം കുറക്കാൻ സഹായിക്കും. നന്നായി പൂവിട്ടു വരും കൊല്ലങ്ങളിൽ നല്ല വിളവ് കിട്ടാനും സഹായിക്കും.
തേങ്ങോല, മടൽ, മണ്ട വൃത്തി ആക്കിയ ചപ്പു ചവറുകൾ, ചകിരി, ഇവയെല്ലാം തെങ്ങിൻ്റെ കട ഭാഗത്തു നിന്ന് രണ്ടു രണ്ടര മീറ്ററകലത്തിൽ അര മീറ്റർ മുതൽ മുക്കാൽ മീറ്റർ വരെ വീതിയിലും, അര മീറ്റർ താഴ്ച്ചയിലും കുഴി ഉണ്ടാക്കി നിറക്കണം. ഓരോ കൊല്ലവും ഓരോ വശത്തു കുഴി ഉണ്ടാക്കുന്നതാണ് നല്ലത്. തെങ്ങിൻ തടത്തിൽ തൊണ്ടു അടുക്കുന്നത് വഴി ജലം മണ്ണിൽ പിടിച്ചു നിർത്താൻ പറ്റും.
പച്ചയോ ഉണങ്ങിയതോ ആയ ചകിരി തൊണ്ടു തടങ്ങളിൽ ഇട്ട് മൂടുന്നത് ജലം കൂട്ടും, പൊട്ടാഷ് ലഭ്യത വർദ്ധിപ്പിക്കും. തെങ്ങിൻ ചുവട്ടിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ, വരികൾക്കിടയിൽ ചാലു കീറിയോ, ഓരോ തെങ്ങിൻ്റെ കടക്കു ചുറ്റും, തടിയിൽ നിന്ന് രണ്ടു മീറ്റർ അകലത്തിൽ വട്ടത്തിൽ ചാലു കീറിയോ ചകിരി നിരത്തിയ ശേഷം മണ്ണിട്ടു മൂടാം.
ചകിരിയുടെ കുഴിഞ്ഞ ഉൾ ഭാഗം മുകളിലേക്കു വരുന്ന വിധത്തിലാണ് ചകിരി ചാലുകളിൽ അടുക്കേണ്ടത്. ചകിരി അടുക്കുന്നതിന്റെ ഗുണം 5 മുതൽ 7 വർഷം വരെ കിട്ടും. ചകിരിതൊണ്ടിനു പുറമെ, 25 കിലോഗ്രാം ചകിരി ചോറ് കൊല്ലത്തിൽ ഒരിക്കൽ തെങ്ങിൻ തടത്തിൽ ഇട്ട് കൊടുക്കുന്നതും വിളവ് കൂട്ടും.
പുതയിടൽ ഒക്ടോബർ നവംബർ മുതൽ ചെയ്തു തുടങ്ങുന്നത് നല്ലതാണ്. പച്ചില വള ചെടികളായ ചണബ്. കൊഴിഞ്ഞിൽ,പൂരേറിയ, ആവരണ വിളകൾ ആയിട്ടുള്ള കലപ്പഗോണിയം, മൈമോസ, സ്റ്റൈലൊസാന്തസ്, എന്നിവ തെങ്ങിൻ തോപ്പിൽ നടണം.
ആദ്യ മഴ കിട്ടിയാൽ ഏപ്രിൽ മെയ് മാസത്തിൽ തന്നെ വിത്ത് വിതച്ചു, ആഗസ്ത് സെപ്റ്റംബർ മാസത്തോടെ ഇവ മണ്ണിൽ ഉഴുതു ചേർക്കാം. ഇങ്ങനെ ഇത്തിരി ഒന്ന് ശ്രദ്ധിച്ചാൽ വേനൽ ചൂടിൽ തെങ്ങുകൾ തളരാതിരിക്കാനും, വരും നാളിൽ ഒത്തിരി വിളവ് കിട്ടാനും വഴി ഒരുക്കും.





