Death Kerala News

നിതിൻ രാജിൻ്റെ മരണം അന്വേഷണം ശക്തമാക്കി പൊലീസ്; അധ്യാപകർക്ക് എതിരെ കേസ്

അഞ്ചരക്കണ്ടിയിലെ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. സംഭവത്തിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക സമ്മർദ്ദവും നിർണായക കാരണമായിരിക്കാമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.

നിതിൻ ലോൺ ആപ്പിലൂടെ കടം എടുത്തിരുന്നുവെന്നും, അതിനായി കോളേജിലെ ഒരു അധ്യാപികയുടെ ഫോൺ നമ്പർ നൽകിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ലോൺ ആപ്പിൽ നിന്ന് അധ്യാപികയ്ക്ക് നിരന്തരം കോളുകൾ വന്നതായും, ഇതുമായി ബന്ധപ്പെട്ട് അധ്യാപിക പൊലീസിൽ പരാതി നൽകിയതായും പോലീസ് വ്യക്തമാക്കി.

നിതിൻ അധ്യാപികയുടെ നമ്പർ ബോധപൂർവ്വം നൽകിയതാണോ, അല്ലെങ്കിൽ ലോൺ ആപ്പ് വിവരങ്ങൾ ചോർത്തിയതാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കും. സഹപാഠികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

സംഭവവുമായി ബന്ധപ്പെട്ട് ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതോടൊപ്പം പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിതിൻ രാജിൻ്റെ മരണം ആത്മഹത്യയാണെന്നത് സ്ഥിരീകരിച്ചതായും, എന്നാൽ റാഗിംഗ് സംബന്ധിച്ച പരാതിയും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *