India Kerala News Politics

വനിതാ സംവരണ ബിൽ: പാർലമെൻ്റ് ചർച്ചയ്ക്ക് മുന്നോടിയായി രാഷ്ട്രീയ പോരാട്ടവും

ന്യൂഡൽഹി: വനിതാ സംവരണ ബിൽ നാളെ പാർലമെൻ്റിൽ ചർച്ച ചെയ്യാനിരിക്കെ വിഷയത്തിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ശക്തമായി. സർക്കാരിൻ്റെ നീക്കത്തെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽയും ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയിട്ടുണ്ട്.

ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ വിതരണം പിന്നീട് ചർച്ച ചെയ്യാമെന്നാണ് സർക്കാരേറ്റത്. എന്നാൽ ഈ സമവായ നിർദ്ദേശം പ്രതിപക്ഷം തള്ളി. സംസ്ഥാനങ്ങളിൽ സീറ്റുകൾ ഒരേ രീതിയിൽ വർധിപ്പിക്കുമെന്ന മുൻ വാഗ്ദാനത്തിൽ നിന്ന് പ്രധാനമന്ത്രി പിന്മാറിയതായി കോൺഗ്രസ് ആരോപിച്ചു.

ഇതിനിടെ പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരും. ബില്ലിനെ എതിർക്കുന്നതിനുള്ള നിലപാട് ഉൾപ്പെടെ വിവിധ വിഷയങ്ങൾ യോഗത്തിൽ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിയാണ് വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാരിൻ്റെ പദ്ധതി. ആദ്യം സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം വർധിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ബില്ലിൽ അതിന് വ്യക്തമായ പരാമർശമില്ല.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്നും മണ്ഡല പുനർനിർണ്ണയ കമ്മീഷൻ അന്തിമ ഫോർമുല നിർണ്ണയിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ സീറ്റുകൾ കുറയില്ലെന്ന ഉറപ്പ് നൽകിയിട്ടില്ലെന്നാണ് കോൺഗ്രസിൻ്റെ വിമർശനം.

ബില്ലിനെ പിന്തുണച്ച് മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന് പിന്നാലെ പ്രതിഭ പാട്ടീൽ പ്രസ്താവന നടത്തിയതും കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ഇത് ചരിത്രപരമായ ബില്ലാണെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാൽ പ്രതിപക്ഷം ഒന്നടങ്കം എതിർത്താൽ അത് പരാജയപ്പെടാനിടയുണ്ട്. എന്നാൽ പ്രധാനമന്ത്രി നാളെ നൽകുന്ന ഉറപ്പുകൾക്ക് പിന്നാലെ പ്രതിപക്ഷം നിലപാട് മൃദുവാക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *