ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം “പൂർണമായും അസ്വീകാര്യമാണ്” എന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
സുരക്ഷിതവും തടസ്സമില്ലാത്തതുമായ സമുദ്ര ഗതാഗതം ഉറപ്പാക്കുന്നതിൽ ഇന്ത്യ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഊർജ്ജ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിനായി ജപ്പാൻ സംഘടിപ്പിച്ച ‘AZEC Plus’ ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെ തുടർന്ന് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധീർ ജയ്സ്വാൽ മാധ്യമങ്ങളോട് പറഞ്ഞു.
നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിലും പശ്ചിമേഷ്യയിലെ സാഹചര്യം പ്രധാന വിഷയമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.





