സ്ത്രീശക്തീകരണം ഇന്ത്യയുടെ വികസനത്തിൻ്റെ പ്രധാന നാഴികക്കല്ലാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ നടന്ന പൊതുയോഗത്തിൽ വെച്ചാണ് പ്രധാനമന്ത്രിയുടെ പരാമർശം.
പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു പ്രധാനമന്ത്രി. പിന്നീട് കാശി–പൂണെ, അയോധ്യ–മുംബൈ റൂട്ടുകളിൽ അമൃത് ഭാരത് ട്രെയിനുകളും ഫ്‌ളാഗ് ഓഫ് ചെയ്തു.
പാർലമെൻ്റിലും നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായും രാഷ്ട്രീയ പ്രതിബന്ധങ്ങൾ ഉണ്ടായാലും ഈ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശുചിത്വം, ബാങ്കിംഗ്, ഭവന- ആരോഗ്യരംഗങ്ങളിലെ പദ്ധതികൾ നിർണായകമായ പങ്ക് വഹിച്ചു എന്നും സ്വയം സഹായസംഘങ്ങളിലൂടെ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വർധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
കാശിയെ പ്രധാന ആരോഗ്യകേന്ദ്രമായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ക്രിട്ടിക്കൽ കെയർ ബ്ലോക്കും ഉൾപ്പെടെയുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.





