Death Kerala News

സുഹൃത്തിൻ്റെ പിതാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

കിള്ളന്നൂര്‍ വില്ലേജ് കെല്‍ട്രോണ്‍ കോളനിയില്‍ താമസിക്കുന്ന തൊമ്മാന വിന്‍സെൻ്റിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. വിൻസെൻ്റിൻ്റെ വീട്ടില്‍ അതിക്രമിച്ചു കയറി മകന്‍ വിബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വിൻസെൻ്റിന് കത്തി കൊണ്ട് കുത്തേറ്റത്. ഈ കേസില്‍ ഒന്നും രണ്ടും പ്രതികളായ ഒല്ലൂര്‍ പടവരാട് കരിവെച്ചന്‍കുഴി ജോസ്‍മണി മകന്‍ സിജോ എന്ന കുയിലൻ സിജോ 37 വയസ്സ്, എടക്കുന്നി പനയംപാടം അത്താണിക്കുഴിയില്‍ ഗോപി മകന്‍ നിശാന്ത് 39 വയസ്സ്, എന്നിവരെ ജീവപര്യന്തം കഠിനതടവിനും, മൂന്നു ലക്ഷം രൂപ പിഴയടക്കുന്നതിനും, നാല്, അഞ്ച് പ്രതികളായ നെന്‍മണിക്കര മണപ്പറമ്പില്‍ വീട്ടില്‍ പ്രേംകുമാര്‍ മകന്‍ സതീഷ് 41 വയസ്സ്, നെന്‍മണിക്കര കിഴക്കുംപുറം ജയന്‍ മകന്‍ അനൂപ് എന്ന അഖിൽ 34 വയസ്സ് എന്നിവരെ ഒരു വർഷം തടവിനും പതിനായിരം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ ഒന്നാം അഡീഷണൽ ജില്ലാ & സെഷന്‍സ് കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു.

2013 മെയ് 26ന് രാത്രി 8.45 ന് കിള്ളന്നൂര്‍ കെല്‍ട്രോണ്‍ കോളനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വിന്‍സെൻ്റിൻ്റെ മകന്‍ വിബിന്‍ പ്രതിയായ കേസില്‍ വിബിന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി കേസിലെ മൂന്നാം പ്രതിയായ നിഖില്‍ എന്നവരുടെ പിതാവടക്കം രണ്ടു പേര്‍ ബോണ്ട് നല്‍കിയിരുന്നു. എന്നാല്‍ വിബിന്‍ കോടതിയില്‍ ഹാജരാകാതെ വന്നതിനാല്‍ ബോണ്ട് നല്‍കിയവര്‍ക്കെതിരെ കോടതിയിൽ നിന്നും പിഴ ചുമത്തി നോട്ടീസ് ലഭിച്ചു. ഇതിൻ്റെ വൈരാഗ്യത്താലാണ് വിബിനെ പ്രതികള്‍ ആക്രമിച്ചു കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ‍ സിജോ എന്ന കുയിലൻ സിജോയുടെ നേതൃത്വത്തില്‍ 7 പ്രതികള്‍ എത്തിയത്. എന്നാല്‍ വിബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പിതാവായ വിന്‍സെൻ്റുെ, വിബിൻ്റെ മാതാവും, സഹോദരിയും തടയാന്‍ ശ്രമിച്ചിരുന്നു. അതിനിടയിലാണ് സിജോ കത്തി കൊണ്ട് വിന്‍സെൻ്റിനെ കുത്തി കൊലപ്പെടുത്തിയത്.

തുടര്‍ന്ന് വിയ്യൂര്‍ പോലീസ് സബ്ഇൻസ്പെക്ടറായ കെ കെ മോഹൻദാസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇൻസ്പെക്ടറായ പി.സി. ബിജുകുമാറാണ്. കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത് പോലീസ് ലെയ്സണ്‍ ഓഫീസറും ഗ്രേഡ് എ.എസ്.ഐ ആയ കെ.ഡി. ജൂലിയാണ്.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 48 രേഖകളും 25 മുതലുകളും ഹാജരാക്കുകയും, 30 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

ഒന്നാം പ്രതിയായ കുയിലന്‍ സിജോയുടെ പേരില്‍ നേരത്തെ 3 തവണ കാപ്പ ചുമത്തിയിരുന്നു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങള്‍ തടയുന്നതിനും, മുന്‍പും പല കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്തും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധിശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷൻ്റെ വാദം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി. അജയകുമാര്‍, അഡ്വ. രാജീവ് എന്നിവര്‍ ‍ഹാജരായി. മൊബൈല്‍ 9496 169 309

Leave a Reply

Your email address will not be published. Required fields are marked *