
തമിഴ്നാട് സ്വദേശിയായ മുരുകന്‍ (35), എന്നയാളെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും, സുഹൃത്തായ രവിയെ മാരകമായി പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കലസ്വാമി നാടാര്‍ മകന്‍ ഗോപാലകൃഷ്ണനെ (72 വയസ്സ്) ജീവപര്യന്തം തടവിനും, 25,000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജ് അനില്‍ ടി. പി ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം 6 മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം.
2013 ആഗസ്റ്റ് 8 ന് രാത്രി 8 മണിക്ക് ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടെ കാര്‍ പാര്‍ക്കിങ് ഗ്രൗണ്ടിന് മുന്നില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരും പരിസരപ്രദേശങ്ങളിലും കൂലിപ്പണി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട മുരുകനും സുഹൃത്തായ രവിയും. മാരകമായി പരിക്കേറ്റ മുരുകനെയും രവിയെയും ആക്ട്സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ മരണപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഗോപാലകൃഷ്ണന്‍ ഒളിവില്‍ പോവുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായ ദിലീപ് ടി.ജി. കേസ് രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ കെ.എസ്. സുദര്‍ശനായിരുന്നു. എ.എസ്.ഐ ആസാദ് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും തൊണ്ടിമുതലും, 15 രേഖകളും ഹാജരാക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സോളി ജോസഫ്, അഡ്വ. ഹണി ചരുവില്‍, അഡ്വ. അലന്‍ റിച്ചാര്‍ഡ് എന്നിവര്‍ ഹാജരായി.
സോളി ജോസഫ്, അഡീ.ഗവ. പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടര്‍, തൃശ്ശൂര്‍. മൊബൈല്‍ 9249868465




