ബുദ്ധപൗർണ്ണമി ദിനത്തിൽ നടത്തിയ ‘മചാൻ സെൻസസ് ഓൺ വാട്ടർഹോൾസ്’ സർവേയിൽ 42 കടുവകളടക്കം 5,765 വന്യജീവികളുടെ സാന്നിധ്യം രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലെ തഡോബ- അന്ധരി കടുവ സങ്കേതത്തിലാണ് കഴിഞ്ഞ ദിവസം സർവ്വേ നടത്തിയത്.
കടുത്ത വേനൽക്കാലത്ത് ജലസ്രോതസുകൾക്ക് സമീപം വന്യജീവികൾ എത്തുമ്പോൾ അവയുടെ സാന്നിധ്യം വിലയിരുത്തുന്നതിനാണ് സർവേ നടത്തിയത്.
തഡോബ-അന്ധാരി ടൈഗർ റിസർവിൻ്റെ ഫീൽഡ് ഡയറക്ടർപ്രഭു നാഥ് ശുക്ലയുടെ നേതൃത്വത്തിൽ സങ്കേതത്തിലെ പ്രധാനപ്പെട്ട മേഖലയിലും ചുറ്റുമുള്ള മേഖലയിലും സർവ്വേ നടന്നു. ഇരയും ഇരപിടിയനും തമ്മിലുള്ള സന്തുലിതാവസ്ഥ ആരോഗ്യകരമായി തന്നെ പരിസ്ഥിതിയിൽ നിലനിൽക്കുന്നുണ്ടെന്നും അതിൻ്റെ സൂചനകൾ സർവ്വേയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.





