ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുംപെട്ട് 33 പേർ മരിച്ചു. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഭദോഹി ജില്ലയിലാണ്. ഇവിടെ 16 പേർ മരിച്ചു.
ഫതേപുർ ജില്ലയിൽ ഒമ്പത് പേരും, ബുദൗൺ ജില്ലയിൽ അഞ്ച് പേരും, ചന്ദൗലി ജില്ലയിൽ രണ്ട് പേരും, സോൻഭദ്ര ജില്ലയിൽ ഒരാളും മരണപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
കനത്ത മഴയിലും ഇടിമിന്നലിലും കാറ്റിലും നിരവധി വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിട്ടുണ്ട്.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരിതബാധിതർക്കായി അടിയന്തര സഹായനടപടികൾ സ്വീകരിക്കാനും നഷ്ടപരിഹാരം ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.





