Kerala News

ഫ്ലാറ്റിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

തൃശ്ശൂർ വെളിയന്നൂരിലെ അപ്പാർട്ട്മെൻ്റിൽ വെച്ച് യുവതിയെ കഴുത്ത് മുറിച്ചും കുത്തിയും കൊലപ്പെടുത്തി, സ്വർണാഭരണങ്ങളും 8,75,000/-രൂപയും കവര്‍ച്ച ചെയ്ത കേസിൽ ഒന്നാം പ്രതി തമിഴ്നാട് ട്രിച്ചി സ്വദേശി കറുപ്പയ്യ മകൻ പളനി സ്വാമിയെ (54വയസ്സ്) ജീവപര്യന്തം കഠിനതടവിനും , അതു കൂടാതെ വിവിധ വകുപ്പുകളിലായി 12 വര്‍ഷം കഠിനതടവിനും 9,00,000രൂപ പിഴയടക്കുന്നതിനും തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷന്‍സ് ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു.

2018 ജൂലായ് 27ന് വൈകീട്ട് 4 മണിക്കാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ ശശികുമാറിൻ്റെ ഭാര്യയായ മഹേശ്വരി (27വയസ്സ്) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ശശികുമാറിന് പണം പലിശയ്ക്ക് കൊടുക്കുന്ന ബിസിനസ്സ് ആയിരുന്നു. ശശികുമാർ കുടുംബമായി താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വലിയച്ഛൻ്റെ മകൻ ആയ പ്രതി പളനിസ്വാമി എത്തുകയും, കവര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെ മഹേശ്വരിയെ കൊലപ്പെടുത്തി മോഷണവസ്തുക്കളുമായി തമിഴ്നാട്ടിലേക്ക് കടക്കുകയുമായിരുന്നു. ഫ്ലാറ്റിലെ സെക്യൂരിറ്റി ആറു മണിക്ക് എത്തുന്നതിനു മുൻപേ പ്രതി രക്ഷപെട്ടിരുന്നു. കവര്‍ച്ച നടത്തിയ പണം രണ്ടാം പ്രതിയായ ട്രിച്ചി സ്വദേശി ഫറൂക്കിനെ ഏൽപ്പിച്ചു.

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പോലീസിൻ്റെ ശാസ്ത്രീയമായ അന്വേഷണരീതി മുഖേനെ കളവു ചെയ്ത മുതൽ കണ്ടെടുക്കുകയായിരുന്നു. മരണപ്പെട്ട മഹേശ്വരിയുടെ ഉള്ളംകൈയിൽ നിന്നും പ്രതിയുടെ ചുരുണ്ട മുടി കിട്ടിയിരുന്നു. പോലീസ് പിന്തുടരുമെന്ന് ഭയന്ന് തെളിവ് നശിപ്പിക്കാൻ പ്രതി കൈവിരലുകൾ തിളച്ച രാസലായനിയിൽ മുക്കിയ ശേഷം ട്രിച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ശാസ്ത്രീയ രീതിയില്‍ ഫോറൻസിക് പരിശോധന നടത്തി മുടി പ്രതിയുടേതൊണെന്ന് പോലീസ് തെളിയിച്ചു. തുടര്‍ന്ന് പോലീസ് ആശുപത്രിയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡംഗങ്ങള്‍ തമിഴ്നാട്ടില്‍ ചെന്ന് വിശദമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടി ഈ കേസ് തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത് ഇപ്പോള്‍ ഹൈക്കോടതി സെക്യൂരിറ്റി ഓഫീസറായ ഡിവൈഎസ്‍പി ടി.ആർ. സന്തോഷ് കുമാര്‍ ആയിരുന്നു. ഇപ്പോള്‍ കേരള പോലീസ് അക്കാദമി ഡിവൈഎസ്‍പിയായ കെ.കെ. സജീവനാണ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന്‍ നടപടികളെ ഏകോപിപ്പിച്ചത് ഗ്രേഡ് എ.എസ്.ഐ. ജൂലി കെ.ഡി. യാണ്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 6 തൊണ്ടി മുതലുകളും, 39 രേഖകളും ഹാജരാക്കുകയും, 26 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

ബന്ധുവായ പ്രതി വീട്ടിലേക്ക് വന്നപ്പോള്‍ ആതിഥ്യമര്യാദ കാണിച്ച യുവതിയെ പണം മോഹിച്ച്ക്രൂരമായി കൊലപ്പെടുത്തിയ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി. അജയകുമാറിൻ്റെ വാദങ്ങള്‍ പരിഗണിച്ചാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *