നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച കൊൽക്കത്തയിൽ എത്തി. നയതന്ത്ര-രാഷ്ട്രീയ പ്രാധാന്യമുള്ള ഈ സന്ദർശനം 14 വർഷത്തിന് ശേഷം ഒരു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നതു കൊണ്ട് തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.
പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് റൂബിയോയുടെ സന്ദർശനം നടക്കുന്നത്. ഇതോടെ സന്ദർശനത്തിന് കൂടുതൽ രാഷ്ട്രീയ പ്രസക്തിയും കൈവന്നിട്ടുണ്ട്.
ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് റൂബിയോയുടെ വരവ് സ്ഥിരീകരിച്ചത്. “സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിൽ എത്തി. ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. പിന്നീട് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ അടുത്ത ദിവസങ്ങളിൽ ചർച്ച ചെയ്യുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യും,” എന്ന് അദ്ദേഹം കുറിച്ചു.
സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള ഇന്ത്യൻ നേതാക്കളുമായി റൂബിയോ കൂടിക്കാഴ്ച നടത്തും. ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വ്യാപാരം, സാങ്കേതിക സഹകരണം, പ്രതിരോധ പങ്കാളിത്തം, ക്വാഡ് കൂട്ടായ്മയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളാകും പ്രധാന ചർച്ചാവിഷയങ്ങളെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനവും നയതന്ത്രപരവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കമായാണ് റൂബിയോയുടെ സന്ദർശനത്തെ വിലയിരുത്തുന്നത്.





