ഗുജറാത്തിലെ ഗിർ സോമ്നാഥ്, അമ്രേലി ജില്ലകളിൽ ‘ബബേഷ്യ’ വൈറസ് ബാധ സംശയത്തെ തുടർന്ന് സിംഹങ്ങളെ 10 കിലോമീറ്റർ പരിധിക്കുള്ളിൽ ഐസൊലേഷനിലും പ്രത്യേക നിരീക്ഷണത്തിലുമാക്കി. സിംഹക്കുട്ടികൾ സംശയാസ്പദ സാഹചര്യത്തിൽ ചത്തതിനെ തുടർന്നാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയതെന്ന് മന്ത്രി അർജുൻ മോധ്‌വാദിയ അറിയിച്ചു.
മരിച്ച നിലയിൽ കണ്ടെത്തിയ സിംഹക്കുട്ടികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലങ്ങൾ ലഭിക്കാനുണ്ടെന്നും അദ്ദേഹം വ്യാഴാഴ്ച അറിയിച്ചു.
“സാധ്യമായ രോഗവ്യാപനം തടയുന്നതിനായി ജൂനഗഡ് വെറ്ററിനറി കോളേജിലെ ഡോക്ടർമാരും മുൻനിര ഉദ്യോഗസ്ഥരും ചേർന്ന് ബാധിത മേഖലകളിൽ നിന്ന് 10 കിലോമീറ്റർ പരിധിക്കുള്ളിലെ സിംഹങ്ങളെ ഐസൊലേഷനിലാക്കിയിട്ടുണ്ട്,” വീഡിയോ സന്ദേശത്തിലൂടെ മന്ത്രി വ്യക്തമാക്കി.
‘ബബേഷ്യ’ ബാധയാണോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനാഫലം കാത്തിരിക്കുകയാണ് അധികൃതർ. അതേസമയം, രോഗവ്യാപനം തടയാനായി വന്യജീവി വിഭാഗം മേഖലകളിലെ സിംഹങ്ങളുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.





