തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവുമായ പരസ്യങ്ങളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര ഫുഡ് ആൻഡ്അ ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗം (എഫ്ഡിഎ) 73.24 ലക്ഷം രൂപ വിലവരുന്ന ആയുർവേദ-അലോപ്പതി മരുന്നുകൾ പിടിച്ചെടുത്തു. ബാബാ രാംദേവിന്റെ പതഞ്ജലി ബ്രാൻഡിൽ വിപണനം ചെയ്യുന്ന, ദിവ്യ ഫാർമസി നിർമ്മിച്ച ഉൽപ്പന്നങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബിൾ അഡ്വർടൈസ്മെന്റ്സ്) നിയമപ്രകാരം മുംബൈ, കൊങ്കൺ, പൂനെ, നാസിക്, അമരാവതി, നാഗ്പൂർ, ഛത്രപതി സംഭാജിനഗർ മേഖലകളിൽ ഒരേസമയം പരിശോധനകളും റെയ്ഡുകളും നടത്തിയതായി എഫ്ഡിഎ വ്യക്തമാക്കി.
നാഗ്പൂർ ഡിവിഷനിൽ ഹരിദ്വാറിലെ ദിവ്യ ഫാർമസി നിർമ്മിച്ച 7,26,755 രൂപ വിലവരുന്ന മരുന്നുകൾ പിടിച്ചെടുത്തപ്പോൾ, നാസിക് ഡിവിഷനിൽ 7,10,945 രൂപയുടെ സ്റ്റോക്കുകളും കസ്റ്റഡിയിൽ എടുത്തു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വിപണനം ചെയ്യുന്ന മരുന്നുകൾക്കെതിരെ സംസ്ഥാനതലത്തിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് എഫ്ഡിഎ അറിയിച്ചു.





