ജെറ്റ് ഇന്ധനവില കുത്തനെ ഉയർന്നതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസിൻ്റെ ചില വേനൽക്കാല വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ഇന്ധനച്ചെലവ് വർധിച്ചതാണ് തീരുമാനത്തിന് കാരണമായതെന്ന് കമ്പനി അറിയിച്ചു.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ചില റൂട്ടുകളിലെ സർവീസുകളാണ് ക്രമീകരിച്ചത്. സർവീസുകൾ നിർത്തിവെച്ചതോടെ ബുദ്ധിമുട്ടുണ്ടായ യാത്രക്കാർക്ക് പകരം യാത്രാസൗകര്യമോ ടിക്കറ്റ് തുകയ്ക്ക് പൂർണമായ റീഫണ്ടോ നൽകുമെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, ഒരു റൂട്ടും സ്ഥിരമായി നിർത്തലാക്കുന്നില്ലെന്നും നിലവിലെ തീരുമാനം താൽക്കാലികമാണെന്നും അമേരിക്കൻ എയർലൈൻസ് അറിയിച്ചു. ഉയർന്ന ഇന്ധനവിലയെ തുടർന്ന് വ്യോമയാന മേഖലയാകെ നേരിടുന്ന വെല്ലുവിളികളുടെ ഭാഗമായാണ് ഈ നടപടിയെന്നും കമ്പനി വ്യക്തമാക്കി.
അമേരിക്കയിലെ മറ്റ് വിമാനക്കമ്പനികളേക്കാൾ കൂടുതൽ സർവീസുകൾ നടത്തുന്ന വിപുലമായ ശൃംഖല തുടർന്നും നിലനിർത്തുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു.





