സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും അപ്പീല്‍ അധികാരിയെയും നിയമിക്കും
സര്‍ക്കാരിന്റെ അനുവാദം വാങ്ങി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍. അമരവിള സി എസ് ഐ ടി.ടി.സിയിലെ പ്രിന്‍സിപ്പല്‍, നെല്ലിവിള സ്വദേശിനിക്ക് വിവരാവകാശ അപേക്ഷയിന്‍മേല്‍ നല്‍കിയ മറുപടിയില്‍ സ്ഥാപനം ആര്‍ ടി ഐ പരിധിയില്‍ വരില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍.
2012 ലെ രാജസ്ഥാന്‍ കേസില്‍ സ്വാശ്രയ/ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുസ്ഥാപനമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരിക്ക് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാനും നടപടി വിവരം കമ്മീഷനെ അറിയിക്കാനും നിർദ്ദേശം നല്‍കി.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും അപ്പീല്‍ അധികാരിയെയും അടിയന്തിരമായി നിയമിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കുവാന്‍ ഉന്നതവിദ്യാഭ്യാസ, പൊതുവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലെ ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായും കമ്മീഷന്‍ അറിയിച്ചു. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു പൊതുസ്ഥാപനം എന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമം 2005 സെക്ഷന്‍ 2(h)ന്റെ പരിധിയില്‍ വരുന്നതാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരില്‍ നിന്നും വിവിധ നികുതി ഇളവുകള്‍, ഫണ്ടുകള്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി ഗ്രാന്റ്‌സ്, ഫീസ് സൗജന്യം, സ്‌കോളര്‍ഷിപ്പ് എന്നിവയും ലഭിക്കുന്നുണ്ട്. കൂടാതെ ധനകാര്യസ്ഥാപനങ്ങള്‍ കുറഞ്ഞ നിരക്കിലുള്ള വിദ്യാഭ്യാസ വായ്പയും നല്‍കിവരുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകളാണ് ഇത്തരം സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇതിനാൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആർ.ടി.ഐ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നും വിവരാവകാശ കമ്മീഷണർ അറിയിച്ചു.