കേരളത്തിൽ ക്ഷേമ പെന്ഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ നൽകിയതായി റിപ്പോർട്ട്. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാരെതിരെയാണ് നടപടി. ഇവർ അനധികൃതമായി കൈപ്പറ്റിയ ക്ഷേമ പെന്ഷൻ തുകയും അതിന്റെ 18% പലിശയും അടയ്ക്കണമെന്ന് ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2 സാജിത.കെ.എ., പത്തനംതിട്ട ഓഫിസിലെ പാര്‍ട്ട് ടൈം സ്വീപ്പർ ജി. ഷീജാകുമാരി, വടകര ഓഫിസിലെ വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മന്‍സിൽ, മീനങ്ങാടി ഓഫിസിലെ പാര്‍ട്ട് ടൈം സ്വീപ്പർ പി. ഭാര്‍ഗവി, മീനങ്ങലാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പർ കെ. ലീല, തിരുവനന്തപുരം സെന്റ്രൽ സോയിൽ അനലിറ്റിക്കൽ ലാബിലെ പാര്‍ട്ട് ടൈം സ്വീപ്പർ ജെ. രജനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നുണ്ട്. കോളജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കന്‍ഡറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224. മാസാമാസം 23 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന് അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നുവെന്നാണ് ധനവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്ഷന് തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം.