കാപ്പ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിന് മുന്നിൽ സ്വീകരണം

തൃശ്ശൂർ: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ ചുമത്തിയ കാപ്പ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിന് മുന്നിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ ചേർന്നാണ് ആർ. സുഗതനെ സ്വീകരിച്ചത്.

സുഗതനെതിരെ ചുമത്തിയ കാപ്പ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുഗതന്റെ ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. കാപ്പ പ്രകാരമുള്ള കരുതൽ തടങ്കൽ കോടതി അസാധുവാക്കിയതോടെ സുഗതന് ജയിൽ മോചിതനാകുന്നതിനും വഴിയൊരുങ്ങി.
തിരുവനന്തപുരം കോർപ്പറേഷനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആർ. സുഗതനെതിരെ നടന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ ആരോപിച്ചു. ഒരു ജനപ്രതിനിധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജയിലിലടയ്ക്കാൻ ശ്രമിച്ചത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും രാഷ്ട്രീയ വേട്ടയാടലിന്റെ കാര്യത്തിൽ വ്യത്യസ്തരല്ലെന്നും ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും സമീപനം ഒരുപോലെയാണെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ജനപ്രതിനിധികൾക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമനടപടികൾ സ്വീകരിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് തനിക്കെതിരെ കാപ്പ ചുമത്തിയതെന്ന് ആർ. സുഗതൻ പറഞ്ഞു. ഒരു പോലീസുകാരൻ വിചാരിച്ചാൽ ഒരാൾക്ക് ജയിലിൽ കിടക്കേണ്ടിവരുന്ന സാഹചര്യമാണിതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിലിൽ പോകേണ്ടിവന്നാലും തയ്യാറാണെന്നും കാപ്പ നിയമം പോലീസ് ദുരുപയോഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, പൂർണ്ണിമാ സുരേഷ്, കൗൺസിലർമാരായ രഘുനാഥ് സി. മേനോൻ, അഡ്വ. രേഷ്മ മേനോൻ, അനീഷ് ഇയാൽ, സബീഷ് മരതയൂർ, ഹരി സി. നരേന്ദ്രൻ,റോഷൻ എൻ ആർ, മനു പള്ളത്ത്, ശീതൾ രാജ, വിജയൻ മേപ്രത്ത്, ഭാഗീഷ് പൂരാടൻ, ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ സന്നിഹിതരായിരുന്നു.




