
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി അട്ടിമറിക്കുന്ന കേരള സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും, വിവിധ കാരണങ്ങളാൽ കുടിശ്ശികയിൽ അകപ്പെട്ട കർഷകരുടെ കണക്കുകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ബിജെപി കർഷക മോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് ധർണ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ കർഷകരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ സംസ്ഥാനത്ത് അവയുടെ പ്രയോജനം കർഷകർക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. കിസാൻ സമ്മാൻ നിധി പദ്ധതി അട്ടിമറിക്കുന്ന നടപടികൾക്കെതിരെ കർഷക മോർച്ച ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പദ്ധതികളുടെ ആനുകൂല്യങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എ.ജി. രാജേഷ് ആവശ്യപ്പെട്ടു. എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും കർഷകരുടെ പ്രശ്നങ്ങളിൽ കാര്യമായ മാറ്റമില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
ബിജെപി നാട്ടിക മണ്ഡലം സെക്രട്ടറി ഗോകുലൻ കരിപ്പള്ളി അധ്യക്ഷത വഹിച്ചു. ബിജെപി തൃശൂർ സിറ്റി ജില്ലാ സെക്രട്ടറി ഹരീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കർഷക മോർച്ച നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഇ.വി.എൻ. പ്രേംദാസ്, വേലായുധൻ മയൂർ, ബിജെപി നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രസാദ് അന്തിക്കാട് എന്നിവർ പ്രസംഗിച്ചു.
കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ കർഷകർക്ക് തടസ്സമില്ലാതെ ലഭ്യമാക്കുക, കുടിശ്ശികയിൽ അകപ്പെട്ട കർഷകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക, കർഷകരെ പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ ധർണയിൽ ഉന്നയിച്ചു.



