Kerala News

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ കർമ്മ പദ്ധതി:  മന്ത്രി വീണാ ജോർജ്

  • പ്രമേഹ രോഗ പ്രതിരോധത്തിലും ചികിത്സയിലും നിർണായക ചുവടുവയ്പ്പുമായി കേരളം
  •  പ്രമേഹ രോഗ ചികിത്സയിൽ റോഡ്മാപ്പ് തയ്യാറാക്കാൻ അന്താരാഷ്ട്ര കോൺക്ലേവ്

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹ്രസ്വകാലവും ദീർഘകാലവും അടിസ്ഥാനമാക്കിയാണ് കർമ്മ പദ്ധതി തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയിൽ റോഡ്മാപ്പ് തയ്യാറാക്കാൻ അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ പ്രീ കോൺക്ലേവ് സംഘടിപ്പിച്ച് അത്കൂടി ഉൾക്കൊണ്ടാണ് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കുക. അന്തർദേശീയ തലത്തിൽ പ്രമേഹ രോഗ ചികിത്സയിൽ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ജനപങ്കാളിത്തത്തോടെയാണ് കോൺക്ലേവ് നടത്തുക. കോൺക്ലേവിന് ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യ വകുപ്പിലെ ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 30 വയസിന് മുകളിൽ പ്രായമായവരിലെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ആർദ്രം ആരോഗ്യം വാർഷികാരോഗ്യ പരിശോധന ഒന്നാം ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടം നടത്തി വരുന്നു. രണ്ടാം ഘട്ട സർവേ പ്രകാരം 14 ശതമാനത്തോളം ആളുകൾക്ക് നിലവിൽ പ്രമേഹം ഉള്ളതായാണ് കണ്ടെത്തിയത്. കൂടാതെ പ്രമേഹ രോഗ സാധ്യതയുള്ളവരുടെ എണ്ണവും കൂടുതലാണ്. ഇതുൾപ്പെടെയുള്ള പഠനങ്ങൾ വിലയിരുത്തിയാണ് ആരോഗ്യ വകുപ്പ് നിർണായകമായ ഇടപെടലിന് ശ്രമിക്കുന്നത്.

ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിനെ ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടത്താൻ മന്ത്രി നിർദേശം നൽകി. പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സങ്കീർണ പ്രശ്നങ്ങളിലേക്ക് പോകും. അതിനാൽ അവബോധം വളരെ പ്രധാനമാണ്. പ്രീ ഡയബറ്റിക് സ്റ്റേജിലുള്ളവരെ മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ നടത്തണം. ആഹാര നിയന്ത്രണത്തിനും വ്യായാമത്തിനും വളരെ പ്രാധാന്യമുണ്ട്. കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിനങ്ങളിലും അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കണം. പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികൾക്കുണ്ടാകുന്ന വൃക്ക രോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറൽ ന്യൂറോപ്പതി തുടങ്ങിയ സങ്കീർണതകൾ കൂടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും ഉറപ്പാക്കും.

ബാല്യകാലം മുതൽ ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാനാകണം. ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുന്നതിനും രോഗ നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പ് ഹെൽത്തി ലൈഫ് ക്യാമ്പയിൻ ആരംഭിക്കുന്നതാണ്. ആരോഗ്യമുള്ള സമൂഹത്തേയും ആരോഗ്യമുള്ള കുട്ടികളേയും ലക്ഷ്യമാക്കിയുള്ള സ്‌കൂൾ ആരോഗ്യ പദ്ധതിയും ഉടൻ തന്നെ നടപ്പിലാക്കും. ഇത് കൂടാതെയാണ് പ്രമേഹ രോഗ പ്രതിരോധത്തിന് മാത്രമായി ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നത്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടർ, എൻഎച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *