കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ പ്രവർത്തിക്കുന്ന പാചകത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പാചക തൊഴിലാളികൾക്കായി പാചക മത്സരം നടത്തുന്നു.ഒന്നാം ഘട്ടം ഉപജില്ലാതലത്തിലും, രണ്ടാം ഘട്ടമായി ജില്ലാതലത്തിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും, ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കിയ വിജയികൾക്ക് ക്യാഷ് അവാർഡുകളും നൽകും. തൃശ്ശൂർ ജില്ലയിൽ ആകെയുള്ള 12 ഉപജില്ലകളിൽ 10 ഉപജില്ലകളിൽ മത്സരം പൂർത്തീകരിച്ചു. 2 ഉപജില്ലകളിൽ മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ മത്സരം സംഘടിപ്പിച്ചിരുന്നില്ല. 10 ഉപജില്ലകളിൽ മത്സരം പൂർത്തീകരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 10 പേരാണ് ജില്ലാതലത്തിൽ മത്സരിക്കുന്നത്. ജില്ലാതല മത്സരം തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നവംബർ 2 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. സമ്മാനദാനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവ്വഹിക്കും. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾ പ്പെടുത്തുന്നതിനുള്ള പുതിയ രുചി വൈഭവങ്ങൾ കൂട്ടിച്ചേർക്കുന്നതിനും, ഒരു പോഷക സമ്പുഷ്ടമായ ആരോഗ്യമുള്ള വിദ്യാർത്ഥി തലമുറയെ വളർത്തിയെടുക്കുവാനുമുള്ള ഉദ്യമമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിന്റെ അദ്ധ്യക്ഷകൂടിയായ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ അജിതകുമാരി അറിയിച്ചു.
