Kerala News

അര്‍ഷിദ് കൊലക്കേസ്: എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമം ചുമത്തി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അര്‍ഷിദിൻ്റെ കൊലപാതക കേസിൽ പൊലീസ് എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമം കൂടി ചുമത്തി. ഒന്നാം പ്രതിയായ അഷ്‌കറിനെതിരെയാണ് പുതിയ വകുപ്പ് ചേർത്തത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനും തീരുമാനമായിട്ടുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇതുസംബന്ധിച്ച് റൂറൽ എസ്.പി ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, കേസന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിൻ്റെ തീരുമാനം. സംഭവദിവസം കുട്ടിയുടെ അമ്മ അഖില നാഗർകോവിലിൽ എത്തിയിരുന്നോയെന്ന് പരിശോധിക്കാൻ നെടുമങ്ങാട് പൊലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. അന്നേദിവസം നാഗർകോവിലിൽ ഡാൻസ് പരിപാടിക്ക് പോയിരുന്നുവെന്നാണ് അഖില മൊഴി നൽകിയിരിക്കുന്നത്. അഖിലയുടെ തമിഴ്നാട് യാത്രകളിലും പൊലീസ് അന്വേഷണം നടത്തും.

അര്‍ഷിദിൻ്റെ മരണകാരണം നെഞ്ചിലേറ്റ ശക്തമായ ചവിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ ഏഴ് വാരിയെല്ലുകൾ ഒടിയുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തലയ്ക്കേറ്റ പരിക്കിനെ തുടർന്ന് അഞ്ച് സ്ഥലങ്ങളിൽ നീർകെട്ട് ഉണ്ടായതായും പൊലീസ് കോടതിയെ അറിയിച്ചു. ആന്തരിക രക്തസ്രാവം മരണത്തിനിടയാക്കിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. പൊള്ളലേറ്റതും മർദനമേറ്റതുമായ നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ഇതിൽ പകുതിയോളം പഴയ മുറിവുകളായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേസിൽ അഖിലയ്‌ക്കെതിരെ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അഷ്‌കറിനെതിരെ സ്ത്രീകളിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതികളിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതിന് പുറമെ അഖിലയുടെ കൂടെ ജോലി ചെയ്തിരുന്ന സ്ത്രീയുടെ ആത്മഹത്യയും, അഖിലയുടെ ഭർത്താവ് അഖിലിൻ്റെ ആത്മഹത്യയും, അഷ്കറിൻ്റെ ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മരണവും പോലീസ് അന്വേഷിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയുടെ മരണത്തിനിടയാക്കി സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി ഛർദ്ദിച്ചുവെന്നു പറഞ്ഞാണ് അഷ്‌കർ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ കുട്ടി മരിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുട്ടി കരഞ്ഞതിനെ തുടർന്ന് മർദിച്ചുവെന്നും പിന്നീട് ബോധം നഷ്ടമായെന്നും അഷ്‌കർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുട്ടിയെ അഷ്‌കർ മർദിച്ചിരുന്നുവെന്ന് അഖിലയും സമ്മതിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *