ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അതിൻ്റെ കേന്ദ്രബിന്ദു പാവപ്പെട്ടവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ക്ഷേമമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനത്തിൻ്റെ ഗുണങ്ങൾ വർഷങ്ങളായി അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനധൻ ബാങ്ക് അക്കൗണ്ടുകൾ, ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി), സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ജനങ്ങൾക്ക് മാന്യമായ ജീവിതവും കൂടുതൽ അവസരങ്ങളും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ ആനുകൂല്യങ്ങൾ കൂടുതൽ സുതാര്യമായും നേരിട്ടും ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിബിടിയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും വഴി സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കാനും ഭരണ സംവിധാനത്തിലുളള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനും സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
‘ഗരീബ് കല്യാൺ’ പദ്ധതികൾ രാജ്യത്തെ ജനശാക്തീകരണത്തിലേക്കും ‘വികസിത് ഭാരത്’ എന്ന ലക്ഷ്യസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന കൂട്ടായ പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.





