Business Growth India International News

ഇന്ത്യ-സ്ലോവാക്യ ബന്ധം സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്തി

ബ്രാറ്റിസ്‌ലാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക് റിപ്പബ്ലിക്കിൻ്റെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബ്രാറ്റിസ്‌ലാവ കൊട്ടാരത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ-സ്ലോവാക്യ ബന്ധം സമഗ്ര പങ്കാളിത്ത (Comprehensive Partnership) തലത്തിലേക്ക് ഉയർത്താൻ ധാരണയായി.

ഔപചാരിക സ്വീകരണത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ പ്രതിനിധി തല ചർച്ചകളും നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ആണവോർജം, പുനരുപയോഗ ഊർജം, ഡിജിറ്റൽ നവീകരണം, വിദ്യാഭ്യാസം, സാംസ്‌കാരിക സഹകരണം, തൊഴിൽ അവസരങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം അവലോകനം ചെയ്തു.

കൃത്രിമ ബുദ്ധി (AI), സൂപ്പർകമ്പ്യൂട്ടറുകൾ, നവീന സാങ്കേതിക വിദ്യകൾ തുടങ്ങിയ പുതിയ മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.

2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സ്ലോവാക്യ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. ഭീകരവാദത്തിനെതിരെ സംയുക്ത പോരാട്ടം തുടരുമെന്ന് ഇരുനേതാക്കളും ആവർത്തിച്ചു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയുടെ മികച്ച ഫലങ്ങളെയും ഇന്ത്യ-യുറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൻ്റെ വിജയകരമായ സമാപനത്തെയും നേതാക്കൾ സ്വാഗതം ചെയ്തു.

ചർച്ചകൾക്ക് ശേഷം ഡിജിറ്റൽ സാങ്കേതിക വിദ്യ, തൊഴിൽ കുടിയേറ്റം, ഉന്നത വിദ്യാഭ്യാസം-ഗവേഷണം, ഓഡിയോ-വിഷ്വൽ നിർമ്മാണം എന്നീ മേഖലകളിൽ ധാരണാപത്രങ്ങൾ കൈമാറി. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്ദേശ്യപത്രവും കൈമാറി.

കോസിസ് സാങ്കേതിക സർവകലാശാലയിൽ ഇന്ത്യയുടെ സഹകരണത്തോടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചെയർ സ്ഥാപിക്കാനും ധാരണയായി.

പ്രധാനമന്ത്രി ഫിക്കോ മോദിയുടെ ബഹുമാനാർത്ഥം ഉച്ചഭക്ഷണം ഒരുക്കി. സ്ലോവാക് പ്രധാനമന്ത്രിയെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി ക്ഷണിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *