Education India News Politics

പരീക്ഷാ ക്രമക്കേടുകൾ തുടരുന്നു; ആശങ്കയറിയിച്ച് പാർലമെൻ്ററി സമിതി

സർക്കാർ സ്വീകരിച്ച നടപടികൾക്കുശേഷവും പരീക്ഷാ ക്രമക്കേടുകൾ തുടരുന്നതിനാൽ ആശങ്ക അറിയിച്ച് പാർലമെൻ്ററി സ്ഥിരം സമിതി. ഉന്നതതല സമിതി നിർദേശിച്ച പരിഷ്‌കാരങ്ങൾ സമയബന്ധിതമായി വിദ്യാഭ്യാസമന്ത്രാലയം നടപ്പിലാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

2025-26 സാമ്പത്തിക വർഷത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ധനസഹായ ആവശ്യങ്ങളെക്കുറിച്ചുള്ള 364-ാമത് റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 381-ാമത് ആക്ഷൻ ടേക്കൺ റിപ്പോർട്ട് ചൊവ്വാഴ്ച രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് രാജ്യസഭാംഗം ദിഗ്വിജയ് സിംഗ് സമർപ്പിച്ചു. വിദ്യാഭ്യാസം, വനിതകൾ, കുട്ടികൾ, യുവജനങ്ങൾ, കായികം എന്നിവ സംബന്ധിച്ച പാർലമെൻ്ററി സ്ഥിരം സമിതിയുടെ അധ്യക്ഷനാണ് ദിഗ്വിജയ് സിംഗ്.

2024 ജൂൺ 16-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നടത്തിയ, “എൻ.ടി.എയിൽ ഇനിയും വലിയ തോതിൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണ്” എന്ന പരാമർശത്തെ സമിതി അംഗീകരിച്ചു. പരീക്ഷാ സംവിധാനത്തിൻ്റെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി രാധാകൃഷ്ണൻ സമിതി നിർദേശിച്ച പരിഷ്‌കാരങ്ങൾ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) അടിയന്തരമായി നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *