എവിയാൻ (ഫ്രാൻസ്): ജി7 ഉച്ചകോടിക്കിടെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമാണ് നേതാക്കൾ ചർച്ച നടത്തിയത്.
2026 മാർച്ചിൽ പ്രധാനമന്ത്രി കാർണി ഇന്ത്യ സന്ദർശിച്ചതിന് ശേഷം ഇന്ത്യ-കാനഡ ബന്ധത്തിൽ ഉണ്ടായ പുരോഗതിയിൽ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. ഭാവിയിലേക്കുള്ള ശക്തമായ തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയും നേതാക്കൾ ആവർത്തിച്ചു.
ആഗോള ഊർജ-ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും കാനഡയുടെയും സമ്പദ്‌വ്യവസ്ഥകൾ പരസ്പരപൂരകമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
എൽ.എൻ.ജി, എൽ.പി.ജി, മെറ്റലർജിക്കൽ കൽക്കരി എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര ക്രമീകരണങ്ങൾ ഉൾപ്പെടെ ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിൻ്റെ പുരോഗതിയെ കുറിച്ചും യോഗത്തിൽ വിലയിരുത്തലുണ്ടായി. ഇന്ത്യയും കാനഡയും തമ്മിലുള്ള ഉന്നതതല സന്ദർശനങ്ങൾ വർധിക്കുന്നതിലും നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകളിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തുകയും 2026-ൽ തന്നെ ചർച്ചകൾ പൂർത്തിയാക്കുകയും ചെയ്യുമെന്ന് അറിയിച്ചു.
പ്രതിരോധം, ധനകാര്യം, കുടിയേറ്റം തുടങ്ങിയ മേഖലകളിൽ കൂടുതൽ ചർച്ചകൾ നടത്താനും തീരുമാനമായി. പ്രതിരോധ-സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ജനറൽ സെക്യൂരിറ്റി ഓഫ് ഇൻഫർമേഷൻ അഗ്രിമെൻ്റ് (GSOIA) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.
നൈപുണ്യ വികസനം, നവീകരണ പങ്കാളിത്തം, വിദ്യാഭ്യാസ സഹകരണം എന്നിവ ലക്ഷ്യമിടുന്ന കാനഡ-ഇന്ത്യ ടാലൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിയുടെ ഭാഗമായി തുടരുന്ന സഹകരണ പ്രവർത്തനങ്ങളും നേതാക്കൾ വിലയിരുത്തി.





