കൊച്ചി: വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ് സി മാന്‍സ-എഫ് (MSC Mansa-F) എന്ന ചരക്കുകപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. തീരം വിടാന്‍ കപ്പലിന് അനുവാദം നല്കരുതെന്നും വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എംഎസ്‌സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്‌സി എല്‍സ-3 (MSC Elsa-3) എന്ന ചരക്കുകപ്പല്‍ അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം അപകടത്തില്‍പ്പെട്ടതോടെയാണ് വിഷയത്തിന് തുടക്കം. കപ്പലില്‍ കശുവണ്ടി അടങ്ങിയ ചരക്കുകളുണ്ടായിരുന്നു. അപകടത്തെ തുടർന്ന് കശുവണ്ടി നഷ്ടപ്പെട്ടതിന്റെ ഫലമായി ആറുകോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എംഎസ്‌സി മാന്‍സ-എഫ് കപ്പല്‍ തീരം വിടുന്നത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ച കോടതി, ആറു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെട്ടിവെക്കണമെന്ന് ജസ്റ്റിസ് എം.എ അബ്ദുൽ ഹക്കീമിന്റെ ബെഞ്ച് ഉത്തരവിട്ടു. കൂടാതെ, ഈ അപകടത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വേണ്ട നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, പുറംകടലില്‍ നേരത്തെ നടന്ന വാന്‍ഹായ് കപ്പല്‍ അപകടം കൂടി കേസ് പരിഗണനയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചു.





