കണ്ണൂരിൽ വിശ്രമ ജീവിതം നയിക്കുന്ന കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ദിവാകരനെ കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുന്നു. കാര്‍ട്ടൂണ്‍ ചിത്രകലാ രംഗത്ത് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കുന്നത്. ആഗസ്റ്റ് 2 ന് ഉച്ചയ്ക്ക് 1 ന് കേരള സർക്കാരിൻ്റെ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രിയും കണ്ണൂർ എം.എൽ.എയുമായ കടന്നപ്പള്ളി രാമചന്ദ്രൻ അദ്ദേഹത്തിൻ്റെ വീട്ടിൽ (മദർ & ചൈൽഡ് ഹോസ്പിറ്റലിന് മുൻവശം, കണ്ണൂർ) എത്തിയാണ് ആദരിക്കുന്നത്. കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്, അക്കാദമി ട്രഷറർ നൗഷാദ് പി.യു., കാർട്ടൂണിസ്റ്റ് സുരേന്ദ്രൻ വാരച്ചാൽ, മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, കേണൽ സുരേശൻ വി.പി. (പ്രസിഡണ്ട്, കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ), ആർട്ടിസ്റ്റ് മഹേഷ് മാറോളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കണ്ണൂര്‍ ജില്ലയിലെ കോണോക്കരയില്‍ കെ.കെ.അച്യുതന്‍റേയും, എന്‍.പി.സുകുമാരിയുടേയും മകനായി 1948 ഒക്ടോബര്‍ മാസം 12 നാണ് ദിവാകരന്‍ ജനിച്ചത്. കാര്‍ട്ടൂണ്‍ രംഗത്ത് വളരെ തിളങ്ങി നില്‍ക്കുകയും പിന്നീട് ഈ രംഗം ഉപേക്ഷിക്കുകയും ചെയ്ത ഒട്ടേറെ അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റുകളെ മലയാള കാര്‍ട്ടൂണ്‍ രംഗത്ത് കാണാം. ഈ ശ്രേണിയില്‍പ്പെട്ട കാര്‍ട്ടൂണിസ്റ്റാണ് എന്‍.പി.ദിവാകരന്‍. കണ്ണൂരില്‍ പോളിടെക്നിക്കില്‍ പഠിക്കുന്ന 1970 കാലത്താണ് ദേശാഭിമാനിയില്‍ ദിവാകരന്‍ കാര്‍ട്ടൂണ്‍ വരച്ചത്. സുമന്‍ എന്ന പേരിലായിരുന്നു അന്നത്തെ വര. ഇട്ടാമന്‍ എന്ന പേരില്‍ ദേശാഭിമാനിയിലെ ആദ്യകാല ബോക്സ് കാര്‍ട്ടൂണ്‍ വരച്ചത് ദിവാകരനാണ്. പോളിടെക്ക്നിക്ക് പഠനം കഴിഞ്ഞ ഉടനെ ദിവാകരന് മാനന്തവാടി പി.ഡബ്ലു.യു.ഡിയില്‍ ട്രയ്നി എന്‍ജിനിയറായി ജോലി ലഭിച്ചു. പി.ഡബ്ലു.യു.ഡിയില്‍ ജോലി തുടരുന്നതിനിടെ മലയാള മനോരമയിലും മറ്റ് മലയാളം പ്രസിദ്ധീകരണങ്ങളിലും സാമൂഹ്യ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. മനോരമ ആഴ്ച്ചപ്പതിപ്പില്‍ ദിവാകരന്‍റേതായി വടക്കന്‍പാട്ടിലെ കഥകള്‍ ചിത്രകഥയായി കുറേ നാള്‍ പ്രസിദ്ധീകരിച്ചു.
ലോറല്‍ ആന്‍റ് ഹാര്‍ഡി എന്ന ഹാസ്യ താരങ്ങള്‍ അമേരിക്കന്‍ സിനിമാ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച അഭിനേതാക്കളാണ്. ഇവരുടെ വിജയകരമായ പ്രകടനവും ജകീയതയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി ഇവരെ മാറ്റി. ലോറല്‍ ആന്‍റ് ഹാര്‍ഡി കാര്‍ട്ടൂണ്‍ കോമിക്സുകള്‍ അവരുടെ സിനിമകള്‍ പോലെ തന്നെ ജനങ്ങള്‍ സ്വീകരിച്ചു. ലോറല്‍ ആന്‍റ് ഹാര്‍ഡിയെ പോലെ ഒരു ചിത്രകഥ മലയാള സിനി സറ്റണ്‍ഡ് മാസികയായിരുന്ന കട്ട് കട്ടില്‍ ദിവാകരന്‍ വരച്ചു തുടങ്ങി. അത് മലയാള സിനിമയെ പോലെ സൂപ്പര്‍ ഹിറ്റായി. മെലിഞ്ഞ ശരീര പ്രക്യതമുള്ള ബഹദൂറും, തടിച്ച ശരീര പ്രക്യതമുള്ള അടൂര്‍ ഭാസിയേയും ആയിരുന്നു ലോറല്‍ ആന്‍റ് ഹാര്‍ഡിക്ക് പകരം മലയാളത്തില്‍ ദിവാകരന്‍ സ്യഷ്ടിച്ചത്. അതോടെ ദിവാകരന്‍ കാര്‍ട്ടൂണ്‍ രംഗത്ത് പ്രശസ്തനായി. ദിവാകരന്‍ ഗോവയില്‍ പി.ഡബ്ലു.യു.ഡിയില്‍ ജൂനിയര്‍ എന്‍ജിനിയറായി ജോലി ലഭിച്ചതോടെ മലയാള കാര്‍ട്ടൂണ്‍ രംഗം ഉപേക്ഷിച്ചു.
ഗോവയില്‍ കഴിഞ്ഞിരുന്ന പത്ത് വര്‍ഷം അവിടുത്തെ ദിനപത്രമായ നവ്ഹിന്ദ് ടൈംസില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു. ഗോവ വിട്ട് വിദേശത്ത് എസ്എന്‍സി ലാവ്ലിന്‍ എന്ന അന്തര്‍ദേശിയ കമ്പനിയിലടക്കം പല രാജ്യങ്ങളില്‍ പല അന്തര്‍ദേശിയ കമ്പനികളില്‍ 34 വര്‍ഷം ജോലി ചെയ്തു. ഗള്‍ഫ് ഡെയ്ലി ന്യൂസില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതോടൊപ്പം മലയാള മനോരമ, ദേശാഭിമാനി, ജനയുഗം എന്നീ പത്രങ്ങളിലും സ്വതന്ത്രമായി കാര്‍ട്ടൂണുകള്‍ വരച്ചു. തികഞ്ഞ ഇടത്പക്ഷ കാഴ്ച്ചപ്പാടുള്ള, എഴുപത്തി ആറ് വയസിലെത്തി നില്‍ക്കുന്ന ദിവാകരന്‍ ഇപ്പോള്‍ കണ്ണൂരില്‍ വിശ്രമ ജീവിതം നയിക്കുന്നു. ഭാര്യ എം.സുമ. മൂന്ന് മക്കള്‍. നിതിന്‍, മിതുന്‍, നിരൂപ്.




