India News Sports

ബംഗളൂരു ദുരന്തം: “ജനക്കൂട്ടം സൃഷ്ടിച്ചു”; വിരാട് കോഹ്‌ലിക്ക് എതിരെ പരാതി

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് എതിരെ ബംഗളൂരു കബണ്‍പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്.

സാമൂഹ്യപ്രവര്‍ത്തകനായ എച്ച്.എം. വെങ്കിടേഷാണ് പരാതി നല്‍കിയത്. ഐപിഎല്ലിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ദുരന്തത്തിന് കാരണമാകുന്ന തരത്തിലുള്ള ജനക്കൂട്ടം ഒരുമിച്ചു കൂടി എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഐപിഎല്‍ ഒരു കായിക ഇനം അല്ല, മറിച്ച് ക്രിക്കറ്റിനെ മലിനമാക്കുന്ന ചൂതാട്ടമാണ് എന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഇത്തരം പരിപാടികളിലൂടെ ആളുകളെ ഒരിടത്ത് ഒത്തുചേരാന്‍ പ്രേരിപ്പിച്ചുവെന്നും, ബംഗളൂരുവില്‍ സംഭവിച്ച ദുരന്തത്തിന് പ്രധാന കാരണം വിരാട് കോഹ്ലിയാണെന്നും പരാതിയില്‍ പറയപ്പെടുന്നു.

അതിനാല്‍ കോഹ്‌ലിയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും കേസ് എഫ്ഐആറില്‍ പ്രതികളാക്കണമെന്നും, പരാതിയില്‍ ആവശ്യപ്പെടുന്നു. ഈ പരാതി ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിഗണിക്കപ്പെടുന്നത് എന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍, മുഖമന്ത്രി സിദ്ധരാമയ്യ, ഉപമുഖമന്ത്രി ഡി.കെ. ശിവകുമാര്‍, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവര്‍ക്കെതിരെയും ബിജെപി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച നടന്ന ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍, സര്‍ക്കാര്‍ നേതൃത്വത്തിന്റെ അശ്രദ്ധയും അധികാര ദുരുപയോഗവുമാണ് പ്രധാന കാരണം എന്നാണ് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി പി. രാജീവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *