
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ SIR നടപടിയുടെ ഭാഗമായി ഡൽഹിയിലും മഹാരാഷ്ട്രയിലും അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി.
ഡൽഹിയിൽ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 30 വരെയും അവ തീർപ്പാക്കാനുള്ള സമയപരിധി നവംബർ 30 വരെയും നീട്ടി. മഹാരാഷ്ട്രയിൽ യഥാക്രമം ഒക്ടോബർ 12, നവംബർ 10 വരെയാണ് പുതിയ സമയപരിധി.
മാപ്പ് ചെയ്യാത്ത വോട്ടർ എൻട്രികളോ മറ്റ് യുക്തിപരമായ പൊരുത്തക്കേടുകളോ സംബന്ധിച്ച് നോട്ടീസ് ലഭിക്കുന്നവരുടെ വീടുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) എത്തി രേഖകൾ ശേഖരിക്കും. സാധാരണയായി ഇവർക്ക് ERO ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ആവശ്യമായ പ്രത്യേക സാഹചര്യങ്ങളിൽ മാത്രം, കഴിയുന്നത്ര ഓൺലൈനായി ഹിയറിങ് നടത്തും.
രാത്രി ഷെൽട്ടറുകളിൽ കഴിയുന്നവർ, തൊഴിലാളികൾ, ഭവനരഹിതർ, സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവർക്കായി ആവശ്യമായ സഹായകേന്ദ്രങ്ങളും പ്രത്യേക ക്യാമ്പുകളും ഒരുക്കാനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബിഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SIR നടപടികൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. SIR നടപടിക്കിടെ പട്ടികയിൽ നിന്ന് പേര് വിട്ടുപോയവർക്കും യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും ഉൾപ്പെടെ അർഹരായവർക്ക് തുടർച്ചയായ പുതുക്കൽ നടപടിയിലൂടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം.
സെപ്റ്റംബർ 26ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.




