
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങളെയും ടീമുകളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
വനിതകളുടെ 400 മീറ്ററിൽ വെങ്കല മെഡൽ നേടിയ പ്രാചി ചൗധരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് അഭിമാനകരമായ മെഡൽ സമ്മാനിച്ച താരത്തിന് ഭാവിയിലെ മത്സരങ്ങളിൽ മികച്ച വിജയവും അദ്ദേഹം ആശംസിച്ചു.

പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ വെള്ളി മെഡൽ നേടിയ തേജീന്ദർപാൽ സിങ്ങിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ശ്രദ്ധയും സ്ഥിരതയോടെയുള്ള പരിശ്രമവുമാണ് രാജ്യത്തിൻ്റെ അഭിമാനം നിലനിർത്താൻ താരത്തെ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ ഗെയിംസിലെ മറ്റൊരു മെഡൽ അദ്ദേഹത്തിന്റെ മികച്ച കരിയറിന് കൂടുതൽ തിളക്കം നൽകുന്നതാണെന്നും മോദി വ്യക്തമാക്കി.
മിക്സഡ് ഡബിൾസ് ടേബിൾ ടെന്നിസിൽ വെങ്കലം നേടിയ മനുഷ് ഷാ, ദിയ ചിതാലെ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിലെ ടേബിൾ ടെന്നിസിന്റെ വളരുന്ന ജനപ്രീതിക്ക് ഈ നേട്ടം കൂടുതൽ കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരുടെയും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും യുവതാരങ്ങൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഏഷ്യൻ ഗെയിംസിൽ പുരുഷ കബഡി ടീം സ്വർണം നിലനിർത്തിയതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ടീമിന്റെ നിശ്ചയദാർഢ്യം രാജ്യത്തിന് അഭിമാനം സമ്മാനിച്ചതായി അദ്ദേഹം പറഞ്ഞു. ടീമിന്റെ വിജയം വരുംതലമുറയിലെ താരങ്ങൾക്ക് പ്രചോദനമാകുമെന്നും മോദി വ്യക്തമാക്കി.

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വെള്ളി നേടിയ തിലോത്തമ സെൻ, വിദർശ വിനോദ് കൊച്ചലുംകല, ആഷി ചൗക്സി എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. താരങ്ങളുടെ മികച്ച കൃത്യതയോടെയുള്ള പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു.

വനിതാ കബഡി ടീം ആവേശകരമായ ഫൈനലിൽ സ്വർണം നേടിയതിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ധൈര്യം, ആത്മസംയമനം, മികച്ച ടീം വർക്ക് എന്നിവ പ്രകടിപ്പിച്ചാണ് താരങ്ങൾ വിജയം സ്വന്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

സ്ക്വാഷ് മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയ ജോഷ്ന ചിന്നപ്പ, വേലവൻ സെന്തിൽകുമാർ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരുവരുടെയും മികവിനെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.
2010 മുതൽ എല്ലാ ഏഷ്യൻ ഗെയിംസ് പതിപ്പുകളിലും മെഡൽ നേടിയ ജോഷ്ന ചിന്നപ്പയുടെ സ്ഥിരതയാർന്ന പ്രകടനവും പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. എല്ലാ താരങ്ങൾക്കും ടീമുകൾക്കും ഭാവിയിലെ മത്സരങ്ങളിൽ മികച്ച വിജയങ്ങൾ അദ്ദേഹം ആശംസിച്ചു.




