Kerala News Politics

‘വീട്ടില്‍ പോയി ചോദിക്ക്’ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ വിനയായി; പിണറായി വിജയനെതിരെ വിമര്‍ശനം


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പത്തനംതിട്ട ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം. പിണറായി വിജയന്റെ വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നും ഇത് ശരിയായ ശൈലിയല്ലെന്നും തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി ജില്ലാ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പിണറായി വിജയനെതിരെ വിമര്‍ശനം ഉണ്ടായത്. പിണറായി വിജയനെ വിമര്‍ശിച്ചതിനാല്‍ ഡിവൈഎഫ്‌ഐയില്‍നിന്ന് തന്നോട് കടക്ക് പുറത്ത് എന്ന് പറയരുതെന്നും പ്രതിനിധി അറിയിച്ചു.

കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും മുന്‍ മന്ത്രി പി രാജീവും തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് വെച്ച് നടന്ന ഇഎംഎസിന്റെ ലോകം എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഇരുവരും വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പില്‍ ഇത്തവണ ഉപയോഗിച്ച ആപ്തവാക്യം എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നത് ശരിയായില്ലെന്ന് രാജീവ് പറഞ്ഞു. ഇത് ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിക്കാന്‍ ഇടയാക്കിയെന്നും രാജീവ് കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേഝനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നടപടിയെടുക്കാതെ പോയതും വിനയായി എന്ന് പി രാജീവ് പറഞ്ഞു.

ബന്ധുവായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് വഴി പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമൊരുക്കുമെന്നതിനാല്‍ അതൊഴിവാക്കാമായിരുന്നുവെന്് എംഎ ബേബി പ്രതികരിച്ചു. എംവി ഗോവിന്ദനെ ഉദ്ദേശിച്ചാണ് പരോക്ഷമായി എംഎ ബേബിയുടെ പ്രതികരണം. തളിപ്പറമ്പില്‍ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ നിര്‍ത്തിയത് വോട്ട് കുറയാന്‍ ഇടയാക്കിയിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐഎമ്മില്‍ നിന്നും ഇറങ്ങിയ വിമതന്‍ ടികെ ഗോവിന്ദനാണ് തളിപ്പറമ്പില്‍ വിജയിച്ചത്.

അതെസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുപക്ഷത്തെ തോല്‍പ്പിച്ചത് ഭരണ വിരുദ്ധ വികാരമാണെന്ന് സിപിഐ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *