വാഷിങ്ടൺ: ദീപാവലി ആഘോഷത്തെ അനുസ്മരിച്ച് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കുമെന്ന് യുഎസ് പോസ്റ്റൽ സർവീസ് (USPS) പ്രഖ്യാപിച്ചു. ഈ വർഷാവസാനത്തോടെ പുറത്തിറക്കുന്ന പുതിയ സ്റ്റാമ്പുകളുടെ പരമ്പരയിലായിരിക്കും ദീപാവലി സ്റ്റാമ്പും ഉൾപ്പെടുക.
ഹൂസ്റ്റൺ സ്വദേശിനിയായ കലാകാരി സംഗീത ഭുടാഡ ഒരുക്കിയ മനോഹരമായ രംഗോലി രൂപകൽപ്പനയാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രം ഫോട്ടോഗ്രാഫർ ബിനയ് ദീക്ഷിതാണ് പകർത്തിയത്.
നിറമുള്ള അരിപ്പൊടി, ചോക്ക്, പൂക്കളുടെ ഇതളുകൾ തുടങ്ങിയവ ഉപയോഗിച്ച് ഒരുക്കുന്ന പരമ്പരാഗത അലങ്കാരമാണ് രംഗോലിയെന്ന് യുഎസ് പോസ്റ്റൽ സർവീസ് വ്യക്തമാക്കി. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ ഒരുക്കുന്ന രംഗോലി ഐശ്വര്യവും സൗഭാഗ്യവും കൊണ്ടുവരുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.





