ന്യൂഡൽഹി: ഖത്തർ മുൻ അമീറും (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ വികസനത്തിൻ്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
2024 ഫെബ്രുവരിയിൽ ഖത്തർ സന്ദർശിച്ചപ്പോൾ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയെ നേരിൽ കാണാൻ അവസരം ലഭിച്ചിരുന്നുവെന്നും അദ്ദേഹത്തെ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായാണ് താൻ ഓർക്കുന്നതെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു.
“ഖത്തർ രാഷ്ട്രത്തിൻ്റെ പിതാവ് അമീർ എച്ച്.എച്ച്. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ ഞങ്ങൾ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ഖത്തറിനെ വികസനത്തിൻ്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 2024 ഫെബ്രുവരിയിൽ ഖത്തർ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ ലഭിച്ച അവസരം ഞാൻ ആദരവോടെ ഓർക്കുന്നു,” പ്രധാനമന്ത്രി കുറിച്ചു.
നിലവിലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കും, രാജകുടുംബാംഗങ്ങൾക്കും ഖത്തർ ജനതയ്ക്കും പ്രധാനമന്ത്രി ഹൃദയംഗമമായ അനുശോചനം അറിയിച്ചു.
ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
ഖത്തറിൻ്റെ ആധുനിക വികസനത്തിന് അടിത്തറ പാകിയ നേതാക്കളിൽ ഒരാളായാണ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയെ വിലയിരുത്തുന്നത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ രാജ്യം സാമ്പത്തികമായും അടിസ്ഥാന സൗകര്യ വികസനത്തിലും അന്താരാഷ്ട്ര രംഗത്തെ സ്വാധീനത്തിലും ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിരുന്നു.





